സ്വകാര്യ സ്‌കൂളുകള്‍ ഒഴിയുന്നു; കൊവിഡ് കാലത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക്

Update: 2021-11-18 06:26 GMT

ന്യൂഡല്‍ഹി: കൊവിഡ് കാലം ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ ഘടനാപരമായ മാറ്റത്തോടൊപ്പം സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും വ്യാപകമായ മാറ്റമുണ്ടാക്കുന്നുവെന്ന് റിപോര്‍ട്ട്. പുതിയ കാലത്ത് വിദ്യാര്‍ത്ഥികള്‍ സ്വകാര്യ വിദ്യാലയങ്ങള്‍ ഉപേക്ഷിച്ച് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ചുവടുമാറിയിരിക്കുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ പൊതുവെ ഈ പ്രവണത ദൃശ്യമാണെങ്കിലും രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, യുപി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത് കൂടുതല്‍ കാണുന്നത്. വിദ്യാഭ്യാസ മേഖലയിലെ വാര്‍ഷിക റിപോര്‍ട്ട് 2021ലാണ് ഇതിന്റെ വിശദാംശങ്ങളുള്ളത്.

സ്‌കൂളുകളുടെ തിരഞ്ഞെടുപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യത, സ്വകാര്യ ട്യൂഷന്‍ തുടങ്ങിയവയാണ് പഠനവിധേയമാക്കിയത്. 2018ല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ 64.3 ശതമാനം പേരാണ് പ്രവേശനം നേടിയിരുന്നതെങ്കില്‍ 2021ല്‍ അത് 70.3 ശതമാനമായി മാറി.

2018 കാലത്ത് 32.5 ശതമാനം പേരാണ് സ്വകാര്യ സ്‌കൂളുകളില്‍ പ്രവേശനം നേടിയിരുന്നതെങ്കില്‍ ഇപ്പോഴത് 24.4 ശതമാനമായി.

25 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 581 ജില്ലകളിലാണ് പഠനം നടത്തിയത്. അതില്‍ 17,184 ഗ്രാമങ്ങളും 76.706 കുടുംബങ്ങളും 75,234 കുട്ടികളും ഉള്‍പ്പെടുന്നു. 5 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികളെയാണ് പഠനത്തിന്റെ ഭാഗമായി അഭിമുഖം നടത്തിയത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രവേശനം നേടുന്നത് നേരത്തെപ്പോലെത്തന്നെ ഇത്തവണയും കൂടുതലാണ്. വിദ്യാര്‍ത്ഥിനികളുടെ പ്രവേശനത്തില്‍ 2018നെ അപേക്ഷിച്ച് 2021ല്‍ യുപിയില്‍ 13.2 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ അത് 11.9 ശതമാനവും തമിഴ്‌നാട്ടില്‍ 9.6 ശതമാനവും രാജസ്ഥാനില്‍ 9.4 ശതമാനവും മഹാരാഷ്ട്രയില്‍ 9.2 ശതമാനവും ആന്ധ്രയില്‍ 8.4 ശതമാവും കര്‍ണാടകയില്‍ 8.3 ശതമാനവും പഞ്ചാബില്‍ 6.8 ശതമാനവും ഹരിയാനയില്‍ 6.6 ശതമാനവുമാണ്.

ട്യൂഷനു പോകുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2021ല്‍ 40 ശതമാനം കുട്ടികളും ട്യൂഷന്‍ ക്ലാസ്സില്‍ പോകുന്നുണ്ട്. 2018ല്‍ ഇത് 28.6 ശതമാനവും 2020ല്‍ അത് 32.5ശതമാനവുമായിരുന്നു.

2018ല്‍ സ്മാര്‍ട്ട് ഫോണ്‍ ഉള്ള കുട്ടികള്‍ 36.5 ശതമാനമായിരുന്നെങ്കിര്‍ ഈ വര്‍ഷം അത് 67.6 ശതമാനമായി. വീട്ടില്‍ ഫോണ്‍ ഉള്ള സ്വകാര്യ സ്‌കൂളുകളിലെ കുട്ടികള്‍ 79 ശതമാനമാണെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അത് 63.7ശതമാനമാണ്.

വീട്ടില്‍ ഫോണ്‍ ഉള്ളതുകൊണ്ട് കുട്ടികള്‍ക്ക് അത് ലഭിക്കണമെന്നില്ലെന്ന് സര്‍വേ തെളിയിച്ചു.

എല്ലാ ഗ്രേഡില്‍ പഠിക്കുന്ന കുട്ടികളിലും 67.6ശതമാനം പേരുടെ വീട്ടിലും സ്മാര്‍ട്ട് ഫോണുണ്ട്. എന്നാല്‍ അവരില്‍ 26 ശതമാനം പേര്‍ക്കും ആ ഫോണ്‍ ഉപയോഗത്തിന് ലഭ്യമല്ല. 

Similar News