ഇഡിക്ക് തിരിച്ചടി; വഖ്ഫ് ബോര്‍ഡ് കേസില്‍ അമാനത്തുള്ള ഖാന് ജാമ്യം; കസ്റ്റഡിയില്‍ വച്ച നടപടി നിയമവിരുദ്ധമാണെന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതി

Update: 2024-11-14 09:03 GMT

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന് ജാമ്യം. അമാനത്തുള്ള ഖാനെ കസ്റ്റഡിയില്‍ വെച്ച ഇഡി നടപടി നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. ഡല്‍ഹി വഖ്ഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ ക്രമക്കേട് നടത്തിയെന്നാരോപിച്ചുള്ള കേസില്‍ ഡല്‍ഹി റൗസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്.

സെപ്തംബര്‍ രണ്ടിന് അറസ്റ്റിലായ അമാനത്തുള്ള ഖാന്‍ രണ്ട് മാസമായി ജുഡിഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഈ നടപടി നിയമ വിരുദ്ധമാണെന്നാണ് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്. അമാനത്തുള്ള ഖാനെതിരേ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിക്കുന്നത് കോടതി നിരസിച്ചു.

ആം ആദ്മി നേതാക്കളില്‍ ജയില്‍ മോചിതനാകാനുള്ള അവസാനത്തെ വ്യക്തിയായിരുന്നു ഖാന്‍. വഖ്ഫ് ബോര്‍ഡിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എംഎല്‍എയെ 2022 സെപ്തംബറില്‍ ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്രാഞ്ച് (എസിബി) അറസ്റ്റു ചെയ്തിരുന്നു. സിബിഐയും കേസെടുത്തിട്ടുണ്ട്. സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്താണ് ഇഡി രംഗത്തിറങ്ങിയത്. ബോര്‍ഡ് ചെയര്‍മാനായിരിക്കെ ക്രമക്കേട് നടത്തി അമാനത്തുള്ള പണം സമ്പാദിച്ചെന്നാണ് കേസ്.





Similar News