മഞ്ചേശ്വരത്ത് ബിജെപി-സിപിഎം അന്തര്‍ധാര സജീവം

Update: 2021-04-05 11:46 GMT

പിസി അബ്ദുല്ല

കാസര്‍ക്കോട്: സിപിഎം-ആര്‍എസ്എസ് ഡീല്‍ ആരോപണത്തിന് ബലം നല്‍കി മഞ്ചേശ്വരത്ത് അന്തര്‍ നാടകങ്ങള്‍ സജീവം. യുഡിഎഫിനെതിരെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധം വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

മഞ്ചേശ്വരം ഉദ്യവറിലെ സിപിഎം നേതാവിന്റെ വീട്ടില്‍ ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയതായാണ് റിപോര്‍ട്ട്. മഞ്ചേശ്വരം പഞ്ചയാത്ത് മുന്‍ ബിജെപി മെമ്പറുടെ മധ്യസ്ഥതയിലാണ് രഹസ്യ ചര്‍ച്ച നടന്നത്. കര്‍ണാടകയിലെ ബിജെപി നേതാക്കള്‍ വന്‍ തോതില്‍ പണമിറക്കി പ്രചാരണം നടത്തുന്ന പ്രദേശമാണിത്. സിപിഎം ബിജെപി നേതാക്കള്‍ യോഗം ചേരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ നേതാക്കള്‍ സ്ഥലം വിട്ടു എന്നാണ് ആരോപണം.

മണ്ഡലത്തിലെ കാന്തപുരം വിഭാഗം നേതാവിന്റേതായി പുറത്തു വന്ന ഫോണ്‍ സംഭാഷണവും ബിജെപി സിപിഎം അന്തര്‍ധാര വ്യക്തമാക്കുന്നു. മഞ്ചേശ്വരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു വേണ്ടി മുസ്‌ലിം കേന്ദ്രങ്ങളില്‍ മാത്രമാണ് ശക്തമായ പ്രചാരണം നടത്തുന്നതെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. ഹൈന്ദവ മേഖലകളില്‍ സിപിഎം സ്ഥാനാര്‍ഥിക്കായി കാര്യമായ പ്രചാരണം നടന്നില്ല. എന്നാല്‍, അബ്ദുറഹ്മാന്‍ ഔഫിന്റെ കൊലപാതകമടക്കം ഉയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി മുസ്‌ലിം കേന്ദ്രങ്ങളില്‍ വീടു വീടാന്തരം കയറിയിറങ്ങി.

 കെ സുരേന്ദ്രനെതിരെ മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കപ്പെടുന്നത് തടയാനും മറ്റു കേന്ദ്രങ്ങളില്‍ ഹിന്ദു വോട്ടുകള്‍ വിഭജിക്കപ്പെടുന്നത് ഇല്ലാതാക്കാനുമാണ് എല്‍ഡിഎഫ് ശ്രമം എന്നാണ് ആക്ഷേപം. മുസ്‌ലിം വോട്ടുകള്‍ മാത്രം ലക്ഷ്യമിട്ടുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം കെ സുരേന്ദ്രനെ വിജയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കണമെന്നും കാന്തപുരം വിഭാഗം പ്രാദേശിക നേതാവ് പറയുന്നു.

Tags:    

Similar News