മലപ്പുറം: മലപ്പുറം നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താന്‍ വ്യാഴാഴ്ച രാവിലെ മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതി യോഗം പാണക്കാട് ചേരും. രാവിലെ 10 മണിക്ക് പാര്‍ട്ടി പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് യോഗം ചേരുക.
യോഗത്തില്‍ ഹൈദരലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, കെ പി എ മജീദ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി എം എ സലാം, സമദാനി എന്നിവര്‍ പങ്കെടുക്കും. ഉന്നതാധികാര സമിതി യോഗത്തിനു ശേഷം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗവും ചേരും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തെ കുറിച്ച് പ്രാഥമികമായ ചര്‍ച്ചകള്‍ ഉന്നതാധികാര സമിതി യോഗത്തില്‍ ഉണ്ടാകും. എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ ചെറിയ പെരുന്നാളിന് ശേഷം ചേരുന്ന പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയില്‍ ആണ് ഉണ്ടാവുക.
27 സീറ്റില്‍ മത്സരിച്ച മുസ്‌ലിം ലീഗിന് ഇത്തവണ 15 പേരെ മാത്രമേ ജയിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. തിരഞ്ഞെടുപ്പിനുശേഷം മുസ്‌ലിം ലീഗ് നേതാക്കളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അണികളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ലോക്‌സഭയില്‍ നിന്ന് രാജിവെച്ച കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ചത് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായി എന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.