ഇ പി ജയരാജനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസ്: 20 വര്‍ഷത്തിനു ശേഷം പ്രതികളെ വെറുതെവിട്ടു
കേസില്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്
കണ്ണൂര്‍: സിപിഎം നേതാവും മന്ത്രിയുമായ ഇപി ജയരാജനെ 20 വര്‍ഷം മുമ്പ് ബോംബെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. 2000 ഡിസംബര്‍ രണ്ടിനു നടന്ന കേസിലാണ് പ്രതികളായ 38 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി(നാല്) വെറുതെവിട്ടത്. പാനൂര്‍ എലാങ്കോട് സിപിഎം പ്രവര്‍ത്തകന്‍ കനകരാജിന്റെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വൈകിട്ട് ബോംബെറിഞ്ഞ് ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. സംഭവസമയം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ഇ പി ജയരാജന്‍. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്. കേസിലെ 20ാം പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ സിപിഎം പ്രവര്‍ത്തകരുടെ വെട്ടേറ്റ് മരിച്ചിരുന്നു. മറ്റൊരു പ്രതി മാസങ്ങള്‍ക്കു മുമ്പാണ് മരണപ്പെട്ടത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ സി എ മുനീര്‍, അഡ്വ. വിനോദ്കുമാര്‍ ചമ്പളോന്‍ എന്നിവരും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി അഡ്വ. ടി സുനില്‍ കുമാര്‍, അഡ്വ. പി പ്രേമരാജന്‍ എന്നിവരും ഹാജരായി.