കൊച്ചിയില്‍ വിദേശികളായ അഞ്ചു പേര്‍ക്ക് കൂടി കൊവിഡ്-19

ഇതോടെ കൊച്ചിയില്‍ കൊവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം ഒമ്പതായി. ഇന്ന് രോഗ ബാധ സ്ഥിരീകരിച്ച എല്ലാവരും നിലവില്‍ ആശുപത്രിയില്‍ ഏതാനും ദിവസം മുമ്പു തന്നെ നിരീക്ഷണത്തിലായിരുന്നു.ഇതില്‍ ഒരാള്‍ ആദ്യം രോഗ ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്റെ ഭാര്യയാണ്.നിരീക്ഷണത്തില്‍ ഉള്ള ഒരു വിദേശ പൗരന്റെ ആരോഗ്യം പൂര്‍ണ തൃപ്തികരമല്ല. പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരാണ്.

Update: 2020-03-20 13:15 GMT

കൊച്ചി: കൊച്ചിയില്‍ വിദേശികളായ അഞ്ചു പേര്‍ക്ക് കൂടി കൊവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗബാധ സ്ഥിരീകരിച്ച ബ്രീട്ടീഷ് പൗരനൊപ്പം എത്തിയവരാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ച അഞ്ചു പേരും.ഇതോടെ കൊച്ചിയില്‍ കൊവിഡ്-19 രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി.ഇന്ന് രോഗ ബാധ സ്ഥിരീകരിച്ച എല്ലാവരും നിലവില്‍ ആശുപത്രിയില്‍ ഏതാനും ദിവസം മുമ്പു തന്നെ നിരീക്ഷണത്തിലായിരുന്നു. ഇതില്‍ ഒരാള്‍ ആദ്യം രോഗ ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്റെ ഭാര്യയാണ്.രോഗം സ്ഥിരീകരിച്ചതോടെ ഇവരെ എല്ലാവരെയും കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.നിരീക്ഷണത്തില്‍ ഉള്ള ഒരു വിദേശ പൗരന്റെ ആരോഗ്യം പൂര്‍ണ തൃപ്തികരമല്ല. പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരാണ്.

17 പേരുടെ സാമ്പിളുകളാണ് പരിശോധനയക്ക് അയച്ചിരുന്നത്. ഇതിലുള്ള അഞ്ചുപേര്‍ക്കാണ് ഇന്ന്് കൊവിഡ്-19 സ്ഥിരീകരിച്ചത്.ബാക്കി 12 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്.ഇവര്‍ക്ക് രേഖകള്‍ ശരിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കി നല്‍കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.കോവിഡ് 19 സംബന്ധിച്ച ഗൈഡ്‌ലൈന്‍ പരിഷ്‌കരിച്ചതിനെ തുടര്‍ന്ന് എല്ലാ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരും കര്‍ശന നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചതായി മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതിനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ സര്‍വൈലന്‍സ് വിഭാഗം ശേഖരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ സൗകര്യങ്ങള്‍ സ്വകാര്യ ആശുപത്രികളിലും ക്രമീകരിക്കാന്‍ സ്വകാര്യ ആശുപത്രിയുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായതായും മന്ത്രി അറിയിച്ചു. എറണാകുളം ജില്ലയില്‍ ഇതുവരെയുള്ള കണക്കനസരിച്ച് 4196 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉളള്ളത്.107 പേരെ ഇന്ന് പുതുതായി നിരീക്ഷണത്തില്‍ കൊണ്ടുവന്നിട്ടുളള ആളുകളാണ് 28 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 24 പേര്‍ കളമശേരി മെഡിക്കല്‍ കോളജിലും നാലു പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ 20 വിമാനങ്ങളിലായി ഇന്നെത്തിയ 2262 പേരെ പരിശോധിച്ച് ഇവരെ വീടുകളില്‍ നീരീക്ഷണത്തിനായി നിര്‍ദേശിച്ച് അയച്ചതായും മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.കോവിഡ് 19 പരിശോധനയുടെ ഭാഗമായി വാര്‍ഡ് തല സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News