മതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജ് പോലിസ് കസ്റ്റഡിയില്‍
പാലാരിവട്ടം പോലിസ് സ്‌റ്റേഷനില്‍ നിന്നും പി സി ജോര്‍ജ്ജിനെ കൊച്ചി സിറ്റി എ ആര്‍ ക്യാംപിലേക്ക് മാറ്റി.തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ നിന്നും എത്തുന്ന പോലിസ് സംഘത്തിന് പി സി ജോര്‍ജ്ജിനെ കൈമാറുന്നതിനും പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യുന്നതിനുമാണ് ജോര്‍ജ്ജിനെ എ ആര്‍ ക്യാംപിലേക്ക് മാറ്റിയതെന്നാണ് വിവരം.ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കിയ കീഴ്‌ക്കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു
കൊച്ചി: വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരമാര്‍ശം നടത്തിയതിനെ തുടര്‍ന്ന് കേസെടുത്ത പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായ പി സി ജോര്‍ജ്ജിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.തുടര്‍ന്ന് ജോര്‍ജ്ജിനെ പോലിസ് പാലാരിവട്ടം പോലിസ് സ്‌റ്റേഷനില്‍ നിന്നും പോലിസ് വാഹനത്തില്‍ കയറ്റി പുറത്തേയ്ക്ക് കൊണ്ടു പോയി.കൊച്ചി സിറ്റി എ ആര്‍ ക്യാംപിലേക്കാണ് പി സി ജോര്‍ജ്ജിനെ മാറ്റിയത്.തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ നിന്നും എത്തുന്ന പോലിസ് സംഘത്തിന് പി സി ജോര്‍ജ്ജിനെ കൈമാറുന്നതിനും പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യുന്നതിനുമാണ് ജോര്‍ജ്ജിനെ എ ആര്‍ ക്യാംപിലേക്ക് മാറ്റിയതെന്നാണ് വിവരം. ജോര്‍ജ്ജിനെ കസ്റ്റഡിയില്‍ എടുത്ത് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുന്നതിനായി ഫോര്‍ട്ട് പോലിസ് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.
മതവിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലിസ് എടുത്ത കേസില്‍ കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് പി സി ജോര്‍ജ്ജിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.സമാന രീതിയില്‍ വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജോര്‍ജ്ജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.ഇതേ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി പാലാരിവട്ടം പോലിസ് മുമ്പാകെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഹാജരാകുമെന്ന് പി സി ജോര്‍ജ്ജ് പോലിസിനെ അറിയിച്ചിരുന്നു.ഇതിനിടയിലാണ് തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനിലെ കേസില്‍ കോടതി പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കിയത്.തുടര്‍ന്ന് മൂന്നു മണിയോടെ പി സി ജോര്‍ജ്ജ് മകന്‍ ഷോണ്‍ ജോര്‍ജ്ജിനൊപ്പം പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായി.
പി സി ജോര്‍ജ്ജ് ഹാജരാകാന്‍ എത്തുന്നതറിഞ്ഞ് ജോര്‍ജ്ജിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പി ഡി പി പ്രവര്‍ത്തകര്‍ പാലാരിവട്ടം പോലിസ് സ്‌റ്റേഷനു മുന്നില്‍ എത്തി.ഇവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പോലിസ് ഇവരെ അറസ്റ്റു ചെയ്തു നീക്കി.ഇതിനു പിന്നാലെ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യവുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും പോലിസ് സ്‌റ്റേഷനിലേക്ക് എത്തി.തുടര്‍ന്ന് ഇവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല.ഇതോടെ പി സി ജോര്‍ജ്ജിനെ നാലരയോടെ പോലിസ് വാഹനത്തില്‍ കയറ്റി എ ആര്‍ ക്യാംപിലേക്ക് മാറ്റുകയായിരുന്നു.
പി സി ജോര്‍ജ്ജിനെ അറസ്റ്റു ചെയ്തത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്ന് പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്ലായിരുന്നുവെങ്കില്‍ പി സി ജോര്‍ജ്ജിനെതിരെ ഒരു പക്ഷേ എഫ് ഐ ആര്‍ പോലും ഉണ്ടാകുമായിരുന്നില്ല.നിയമത്തെ അനുസരിക്കുന്നതിനാണ് പി സി ജോര്‍ജ്ജ് പോലിസ് മുമ്പാകെ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.കോടതിയാണ് പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കിയത്.കോടതിയെ അനുസരിക്കാന്‍ കടമയുണ്ട്. ആ കടമയാണ് ജോര്‍ജ്ജ് നിര്‍വ്വഹിച്ചത്.ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കിയ കീഴ്‌ക്കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.