തൃക്കാക്കര പിടിച്ച് യുഡിഎഫ് ; ചരിത്ര ഭൂരിപക്ഷത്തില്‍ മിന്നും താരമായി ഉമാ തോമസ്
25,016 വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയും അന്തരിച്ച പി ടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിനെ പരാജയപ്പെടുത്തിയത്.തൃക്കാക്കര മണ്ഡലം രൂപീകൃതമായതിനു ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷത്തിന്റെ അകമ്പടിയോടെയാണ് ഉമാ തോമസ് നിയമസഭയുടെ പടി കയറുന്നത്
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് തേരോട്ടത്തില്‍ എല്‍ഡിഎഫ് കടപുഴകി.25,016 വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയും അന്തരിച്ച പി ടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിനെ പരാജയപ്പെടുത്തിയത്.എല്ലാ പ്രവചനങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള വിജയമാണ് യുഡിഎഫും ഉമാ തോമസും തൃക്കാക്കരയില്‍ നേടിയത്.തൃക്കാക്കര മണ്ഡലം രൂപീകൃതമായതിനു ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷത്തിന്റെ അകമ്പടിയോടെയാണ് ഉമാ തോമസ് നിയമസഭയുടെ പടി കയറുന്നത്.2011 ല്‍ യുഡിഎഫിന്റെ ബെന്നി ബഹനാന്‍ നേടിയ 22,406 വോട്ടുകളുടെ ഭുരിപക്ഷമായിരുന്നു തൃക്കാക്കരയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഭുരിപക്ഷം. ഇതാണ് ഉമാ തോമസ് ഉപതിരഞ്ഞെടുപ്പില്‍ മറികടന്നത്.
2021ലെ തിരഞ്ഞെടുപ്പില്‍ പി ടിതോമസ് നേടിയത് 14,329 വോട്ടുകളുടെ ഭുരിപക്ഷമായിരുന്നു.239 ബുത്തുകളിലായി 12 റൗണ്ടുകളിലായി നടന്ന വാട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന് മുന്നിലെത്താന്‍ കഴിഞ്ഞില്ല.പോസ്റ്റല്‍ ബാലറ്റ്് മുതല്‍ ഉമാ തോമസിനായിരുന്നു ലീഡ്. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമയുടെ ലീഡ് രണ്ടായിരം കടന്നു.ഇടപ്പള്ളി മേഖലയായിരുന്നു ആദ്യ റൗണ്ട് എണ്ണിയത്. ഇത് പൂര്‍ത്തിയായപ്പോള്‍ 2249 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഉമയ്ക്ക് ലഭിച്ചത്.കഴിഞ്ഞ തവണ പി ടി തോമസ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ കുടുതലായിരുന്നു ഇത്.
ആദ്യ റൗണ്ടില്‍ ഉമാ തോമസ് 5978 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് 3729 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ 1612 വോട്ടുകളുമാണ് നേടിയത്. നാലാം സ്ഥാനത്ത് എത്തിയത് നോട്ടയായിരുന്നു.107 വോട്ടുകളാണ് നോട്ട നേടിയത്.മറ്റ് അഞ്ച് സ്വതന്ത്രസ്ഥാനാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് ആദ്യ റൗണ്ടില്‍ നേടിയത് 72 വോട്ടുകള്‍ മാത്രമായിരുന്നു.ഇത്.രണ്ടാം റൗണ്ടിലും ഉമയക്ക് തന്നെയായിരുന്നു ആധിപത്യം.1867 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു രണ്ടാം റൗണ്ടില്‍ ഉമ നേടിയത്.6044 വോട്ടുകള്‍ ഉമ നേടിയപ്പോള്‍ 4177 വോട്ടുകളാണ് ഡോ.ജോ ജോസഫ് നേടിയത്.1263 വോട്ടുകളായിരുന്നു എ എന്‍ രാധാകൃഷ്ണന്‍ നേടിയത്.രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമയുടെ ആകെ ഭൂരിപക്ഷം 4,116 വോട്ടുകളായി ഉയര്‍ന്നു.
മൂന്നാം റൗണ്ടിലും ഉമയുടെ കുതിപ്പ് തടയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞില്ല.മൂന്നാം റൗണ്ടില്‍ 2371 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഉമയക്ക് ലഭിച്ചത്.മൂന്നാം റൗണ്ടില്‍ ഉമാ തോമസ് 7162 വോട്ടുകളും ഡോ.ജോ ജോസഫ് 4791 വോട്ടുകളും എ എന്‍ രാധാകൃഷ്ണന്‍ 1211 വോട്ടുകളും നേടി.ഈ റൗണ്ടില്‍ ഉമയുടെ ആകെ ഭുരിപക്ഷം 6,487 ആയി ഉയര്‍ന്നു.മൂന്നു റൗണ്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 299 വോട്ടുകളുമായി നോട്ട നാലാം സ്ഥാനത്തായിരുന്നു.നോട്ടയ്ക്കും പിന്നിലായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകള്‍.നാലാം റൗണ്ടിലെ ഉമാ തോമസിന്റെ ഭൂരിപക്ഷം 2441 വോട്ടുകളായിരുന്നു.ആകെ ഭുരിപക്ഷം 8,928 വോട്ടുകളും. അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമയുടെ ആകെ ഭൂരിപക്ഷം 9,386 വോട്ടുകളായിരുന്നു.അഞ്ചാം റൗണ്ടില്‍ മാത്രമായി 5221 വോട്ടുകള്‍ ഉമ നേടിയപ്പോള്‍ ജോ ജോസഫ് 4763 വോട്ടുകള്‍ നേടി.ബി ജെ പി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന് 996 വോട്ടുകള്‍ മാത്രമാണ് ഈ റൗണ്ടില്‍ നേടാനായത്.97 വോട്ടുകള്‍ നേടി നോട്ട തന്നെയായിരുന്നു നാലാം സ്ഥാനത്ത് എത്തിയത്.
എന്നാല്‍ ആറാം റൗണ്ടില്‍ മാത്രമായി ഉമയുടെ ഭൂരിപക്ഷം 3,000 കടന്നു. ഈ റൗണ്ടില്‍ ഡോ.ജോ ജോസഫ് നേടിയ വോട്ടുകളേക്കാള്‍ ഇരട്ടിയിലധികം വോട്ടുകളാണ് ഉമാ തോമസ് നേടിയത്.3,219 വോട്ടുകളുടെ ഭുരിപക്ഷമാണ് ഉമയക്ക് ലഭിച്ചത്.ഉമയുടെ മൊത്തം ഭൂരിപക്ഷം 12,005 വോട്ടുകളായും ഉയര്‍ന്നു.ഇവിടെയും നാലാം സ്ഥാനത്ത് 114 വോട്ടുകളുമായി നോട്ടയായിരുന്നു.ഏഴാം റൗണ്ടില്‍ 14,903 വോട്ടുകളായും,എട്ടാം റൗണ്ടില്‍ 18,073 വോട്ടുകളായും,ഒമ്പതാം റൗണ്ടില്‍ 20,872 വോട്ടുകളായും 10ാം റൗണ്ടില്‍ 22,284 വോട്ടുകളായും 11ാം റൗണ്ടില്‍ 24,264 വോട്ടുകളായും ഉയര്‍ന്നു.അവസാന റൗണ്ടും പൂര്‍ത്തിയാതോടെ മണ്ഡലത്തിന്റെ ഇതുവരെയുള്ള എല്ലാം റെക്കാര്‍ഡും തിരുത്തിക്കുറിച്ചുകൊണ്ട് 25,015 വാട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയക്കൊടി നാട്ടുകയായിരുന്നു.
പോസ്റ്റല്‍ വോട്ടുകള്‍ അടക്കം 1,35,349 വോട്ടുകളാണ് പോള്‍ ചെയ്തത്.ഇതില്‍ ഉമാ തോമസ് 72,770 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ ഡോ.ജോ ജോസഫ് 47,754 വോട്ടുകള്‍ മാത്രമാണ് നേടനായത്.ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ 12,957 വോട്ടുകളാണ് നേടിയത്.2021 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ 2,526 വോട്ടുകള്‍ കുറഞ്ഞു.1111 വോട്ടുകളാണ് ഇക്കുറി നോട്ട തൃക്കാക്കരയില്‍ നേടിയത്.