വൈഗയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൊലപാതകം നടത്തിയത് പിതാവ് സനുമോഹന്‍ ഒറ്റയ്‌ക്കെന്ന് പോലിസ്
പെട്ടന്നുണ്ടായ പ്രകോപനത്തില്‍ നടത്തിയ കൊലപാതകമല്ല. മറിച്ച് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് ഇതുവരെ നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും വ്യക്തമാകുന്നതെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എച്ച് നാഗരാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ആദ്യം പറയുന്നതല്ല അയാള്‍ പിന്നീട് പറയുന്നത്. മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.
കൊച്ചി:പതിമൂന്നുകാരി വൈഗയെ കൊലപ്പെടുത്തിയത് പിതാവ് സനുമോഹന്‍ ഒറ്റയ്ക്കാണെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എച്ച് നാഗരാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പെട്ടന്നുണ്ടായ പ്രകോപനത്തില്‍ നടത്തിയ കൊലപാതകമല്ല. മറിച്ച് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് ഇതുവരെ നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും വ്യക്തമാകുന്നത്. സനു മോഹന്റെ അറസറ്റു രേഖപ്പെടുത്തി. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
സനുമോഹന്റെ മൊഴികളില്‍ ഒട്ടേറെ പൊരുത്തക്കേടുകള്‍ ഉണ്ട്.ആദ്യം പറയുന്നതല്ല അയാള്‍ പിന്നീട് പറയുന്നത്. മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പറയുന്നത്. എന്നാല്‍ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തതയും അന്വേഷണവും ആവശ്യമാണെന്നും കമ്മീഷണര്‍ പറഞ്ഞു.കടബാധ്യതയാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രതി പറയുന്നത്.ഇതു സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്.കൃത്യമായ ആസൂത്രണത്തോടെയാണ് സനുമോഹന്‍ കൊലപാതകം നടത്തിയിരിക്കുന്നത്.ഇവരുടെ ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്തറക്കറ ആരുടേതാണെന്ന് സ്ഥിരീകരിക്കാനുണ്ട്.
കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയപ്പോഴും ഇയാള്‍ മൊബൈല്‍ ഫോണുകളും മറ്റും കരുതാതിരുന്നതിനാലാണ് ഇയാളെ പിടികൂടാന്‍ വൈകിയത്.കൊലപാതകത്തിനു ശേഷം ഇയാള്‍ സഞ്ചരിച്ച കാര്‍ എവിടെയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടോ മൂന്നു സംസ്ഥാനങ്ങളില്‍ സനുമോഹനെയുമായി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയതിനു ശേഷം സനുമോഹനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. സനുമോഹന്റെ ഭാര്യയെയും ബന്ധുക്കളെയും നേരത്തെ തന്നെ പോലിസ് ചോദ്യം ചെയ്തിരുന്നു.സനുമോഹനെ കസ്റ്റഡിയില്‍ വാങ്ങിയതിനു ശേഷം വീണ്ടും ഇവരെ ചോദ്യം ചെയ്യും.