'പാലക്കാട്ടെ ആദ്യ കൊലപാതകം സുരേന്ദ്രന്റെ സന്ദര്‍ശനത്തിന് ശേഷം'; അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി

Update: 2022-04-17 06:58 GMT

പാലക്കാട്: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സന്ദര്‍ശനത്തിന് ശേഷമാണ് പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായതെന്നാണ് സുരേഷ് ബാബുവിന്റെ ആരോപണം. ബിജെപി അധ്യക്ഷന്റെ സന്ദശനത്തിലും കൊലപാതകത്തിലെ നേതൃത്വത്തിന്റെ പങ്കിലും അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറാണ് പാലക്കാട്ട് ആദ്യം കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ പാലക്കാട് വന്നിരുന്നു. ഇത് നേതൃത്വത്തിന്റെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും ബിജെപി നേതൃത്വമറിയാതെ അക്രമ സംഭവം ഉണ്ടാകില്ലെന്നുമാണ് സിപിഎം ആരോപിക്കുന്നത്.

കൊലയാളി സംഘം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ചില കേന്ദ്രങ്ങളില്‍ സംഘടിച്ചിരിക്കുന്നു. ആര്‍എസ്എസ്-എസ്ഡിപിഐ നേതൃത്വങ്ങളുടെ അറിവോടെയാണ് കൊലപാതകമുണ്ടായതെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു.

അതേസമയം, സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം ശരിവക്കുന്ന തരത്തിലുള്ളതാണ് സംസ്ഥാനത്ത് ഇതിന് മുമ്പ് നടന്ന സംഭവങ്ങള്‍. ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ കൊല്ലപ്പെട്ട സമയത്തും ആര്‍എസ്എസ് ഉന്നത നേതാക്കള്‍ പ്രദേശത്ത് എത്തിയിരുന്നു. വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിലെത്തി കൊലവിളി പ്രസംഗം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഷാന്‍ കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനാണ് വിഷു ദിനത്തില്‍ തന്നെ കൊല നടത്തിയതെന്ന ആരോപണവും ശക്തമാണ്. ബിജെപിയുടെ നേതൃത്വത്തില്‍ തന്നെ കൊലയും വര്‍ഗീയ ആക്രമണങ്ങളും നടത്തി സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു എന്ന് വരുത്തിതീര്‍ക്കാനാള്ള ശ്രമമാണ് നടക്കുന്നത്.

Tags:    

Similar News