വയനാട്ടില്‍ ക്വട്ടേഷന് എത്തിയ 'ശിവജി സേന'യിലെ അഞ്ചു പേര്‍ പിടിയില്‍; എല്ലാവരും പേരാമ്പ്രയിലെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍
ക്വട്ടേഷന്‍ നല്‍കിയത് അധ്യാപകന്‍. സംഘത്തില്‍ ഇനി മൂന്ന് പേര്‍ കൂടി. പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പിസി അബ്ദുല്ല
കല്‍പറ്റ: വയനാട് വെള്ളമുണ്ടയിലെ പട്രോള്‍ പമ്പ് നടത്തിപ്പുകാരായ രണ്ടു പേരെ വധിക്കാന്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി ഇന്നലെ പിടിയിലായതോടെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.കോഴിക്കോട് പേരാമ്പ്ര ആസ്ഥാനമായുള്ള തീവ്ര ഹിന്ദുത്വ സംഘടനയായ ശിവജി സേന വഴി ആസൂത്രണം ചെയ്യപ്പെട്ട ഗൂഡ പദ്ധതികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലിസിനു ലഭിച്ചത്.
ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയും പേരാമ്പ്ര ശിവജി സേനയിലെ പരിശീലകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ
പ്രസൂണ്‍ കുമാര്‍(28) ആണ് ഇന്ന് പിടിയിലായത്. ഇയാള്‍ പിടിയിലായതോടെയാണ് ഈ മാസം 14 ന് മാരകായുധങ്ങളുമായി വയനാട്ടില്‍ പിടിയിലായ നാലു പേരുടെ തീവ്ര ഹിന്ദുത്വ സംഘടനാ ബന്ധവും പുറത്താത്.
ശിവജി സേനാ പ്രവര്‍ത്തകരായ പേരാമ്പ്ര പരപ്പില്‍ വീട് പ്രസൂണ്‍ (29), പേരാമ്പ്ര ചങ്ങരോത്ത് കുന്നോത്ത് വീട്ടില്‍ അരുണ്‍ (28), കുറ്റ്യാടി പാലേരി തെക്കേ ചാലില്‍ വീട്ടില്‍ സംഗീത് (28), പേരാമ്പ്ര ഒതയോത്ത് മീത്തല്‍ വീട്ടില്‍ അഖില്‍ ആര്‍ (24) എന്നിവരാണ് സംഭവത്തില്‍ നേരത്തെ അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ പേരാമ്പ്ര, കൊയിലാണ്ടി സ്റ്റേഷനുകളില്‍ വധശ്രമം, കവര്‍ച്ച തുടങ്ങി നിരവധി കേസുകളുണ്ട്.
പാലേരി സ്വദേശിയും സ്‌കൂള്‍ അധ്യാപകനും സംഘപരിവാര പ്രധാനിയുമായ അജിത്കുമാര്‍ ആണ് പെട്രോള്‍ പമ്പു നടത്തിപ്പുകാരെ വധിക്കാന്‍ ശിവജി സേനാംഗങ്ങളെ ഏര്‍പ്പെടുത്തിയതെന്നാണ് പോലിസിനു ലഭിച്ച വിവരം. ഇയാള്‍ ഒളിവിലാണ്.
അജിത് കുമാറിന്റെ ഭാര്യയും മൊതക്കരയിലെ മുന്‍ അധ്യാപകന്റെ മകളും ഹൈസ്‌കൂള്‍ അധ്യാപികയുമായ നിഷയുടെ പേരിലാണ് വെള്ളമുണ്ട ഒന്‍പതാം മൈലില്‍ 2016ല്‍ ആരംഭിച്ച ഭാരത് പട്രോള്‍ പമ്പിന്റെ ലൈസന്‍സ്. വെള്ളമുണ്ട വാരാമ്പറ്റ സ്വദേശി എസി നാസര്‍, പുളിഞ്ഞാല്‍ സ്വദേശി ജോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള പഴഞ്ചനയിലെ സ്ഥലത്ത് അവരുടെ മുതല്‍ മുടക്കിലാണ് പമ്പ് നിര്‍മ്മിച്ചത്.
ധാരണ പ്രകാരമുള്ള വിഹിതമായിരുന്നു പമ്പു നടത്തിപ്പുകാര്‍ നേരത്തെ ലൈസന്‍സുടമക്ക് നല്‍കിയിരുന്നത്. ആദ്യം നഷ്ടത്തിലായിരുന്ന പമ്പ് ലാഭത്തിലായതോടെ ലൈസന്‍സിക്കും നടത്തിപ്പുകാര്‍ക്കുമിടയില്‍ തര്‍ക്കം മുറുകി. സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു.
അതിനിടയിലാണ് പമ്പു നടത്തിപ്പുകാരെ വധിക്കാന്‍ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ രംഗത്തിറക്കിയത്. ഇതിനകം പിടിയിലായ ക്വട്ടേഷന്‍ സംഘാംഗങ്ങളായ അഞ്ചു പേരും ഇനി പിടി കൂടാനുള്ള മൂന്നു പേരും പേരാമ്പ്ര എളമാരന്‍കുളങ്ങര ക്ഷേത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശിവജി സേനയുടെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയവരാണ്.വധ ശ്രമം അടക്കമുള്ള നിരവധി കേസുകളില്‍ ഇവരുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്.പേരാമ്പ്ര ബസ്സ്‌സറ്റാന്റ് പരിസത്തെ 'ശിവജി നഗര്‍' കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ആദ്യം ആര്‍എസ്എസിനു വേണ്ടി അക്രമ സംഭവങ്ങളിലേര്‍പ്പെഠ്ടിരുന്നവരാണ് പിന്നീട് 'ശിവജി സേന' രൂപീകരിച്ചത്. ഒരാഴ്ച മുന്‍പ് രാത്രിയോടെ കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന തൊണ്ടര്‍നാട് എസ്.ഐ എ.യു ജയപ്രകാശും സംഘവുമാണ് സംഘത്തിലെ നാലു പേരെ ആദ്യം പിടികൂടിയത്. വയനാട്- കുറ്റ്യാടി സംസ്ഥാനാന്തര പാതയില്‍ കോവിഡിന്റെ മറവില്‍ ലഹരി വസ്തുക്കള്‍ വ്യാപകമായി കടത്തുന്നതായി വിവരം ലഭിച്ച്തിനെ തുടര്‍ന്ന് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു.രണ്ടു കാറുകയിലായി വയനാട്ടിലെത്തിയ ശിവജി സേനക്കാരില്‍ നാലു പേര്‍ പിടിയിലാവുകയും രക്ഷപ്പെടുകയുമായിരുന്നു. തൊണ്ടര്‍നാട് എസ്.ഐ.എ യു.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പേരാമ്പ്രയില്‍ വെച്ചാണ് പ്രസൂണ്‍ കുമാറിനെ പിടികൂടിയത്. മൂന്നു പേര്‍ ഒളിവിലാണ്.