പശ്ചിമ യൂറോപ്പില്‍ ദുരിതം വിതച്ച് കനത്ത മഴയും വെള്ളപ്പൊക്കവും; മരണസംഖ്യ 183 ആയി, ജര്‍മനിയില്‍ മാത്രം 156 മരണം

110 മരണങ്ങളാണ് റൈന്‍ലാന്‍ഡില്‍ മാത്രം റിപോര്‍ട്ട് ചെയ്തത്. ഇവിടെ മാത്രം 670ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ കാണാതിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പോലിസ് പറയുന്നു.

Update: 2021-07-18 09:49 GMT

ബെര്‍ലിന്‍: പശ്ചിമ യൂറോപ്പില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുള്ള ദുരിതങ്ങള്‍ രൂക്ഷമാവുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴക്കെടുതിയില്‍ നൂറുകണക്കിന് ജീവനുകളാണ് പൊലിഞ്ഞത്. പശ്ചിമ യൂറോപ്പില്‍ ആകെ 183 പേരാണ് ഇതുവരെ മരണപ്പെട്ടത്. ഇതില്‍ ഏറ്റവും കൂടുതല്‍ മരണവും നാശനഷ്ടവുമുണ്ടായിരിക്കുന്നത് ജര്‍മനിയിലാണ്. ദുരന്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പോലിസിന്റെ റിപോര്‍ട്ട് പ്രകാരം ജര്‍മനിയില്‍ മാത്രം 156 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പടിഞ്ഞാറന്‍ ജര്‍മന്‍ സംസ്ഥാനമായ റൈന്‍ലാന്‍ഡ് പലാറ്റിനേറ്റിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്.


 110 മരണങ്ങളാണ് റൈന്‍ലാന്‍ഡില്‍ മാത്രം റിപോര്‍ട്ട് ചെയ്തത്. ഇവിടെ മാത്രം 670ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ കാണാതിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പോലിസ് പറയുന്നു. ഓസ്ട്രിയയിലും സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്. ശക്തമായ മഴയിലും കൊടുങ്കാറ്റിലുംപെട്ട് ഓസ്ട്രിയയിലെ പല പ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടായതായി ചാന്‍സിലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് ട്വീറ്റ് ചെയ്തു. ശനിയാഴ്ച പെയ്ത മഴയെത്തുടര്‍ന്ന് തെക്കന്‍ ജര്‍മനിയില്‍ വെള്ളപ്പൊക്കത്തില്‍ ഓസ്ട്രിയന്‍ അതിര്‍ത്തിയിലെ ബവേറിയയില്‍ ഒരാള്‍ മരിച്ചു.


 ഓസ്ട്രിയയില്‍ സാല്‍സ്ബര്‍ഗ്, ടൈറോള്‍ പ്രദേശങ്ങളില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ അതീവജാഗ്രത പുലര്‍ത്തിവരികയാണ്. ചരിത്രപ്രസിദ്ധമായ ഹാലെയ്ന്‍ വെള്ളത്തിനടിയിലായി. കിഴക്കന്‍ ജര്‍മനിയുടെയും ചെക്ക് റിപബ്ലിക്കിന്റെയും അതിര്‍ത്തിയിലുള്ള സാക്‌സോണി മേഖലയില്‍ ശനിയാഴ്ച രാത്രിയിലുണ്ടായ മഴയില്‍ നദികളിലെ ജലനിരപ്പുയരുകയും നാശനഷ്ടമുണ്ടാവുകയും ചെയ്തു.


 ബെല്‍ജിയത്തില്‍ 20 പേര്‍ മരണപ്പെട്ടു. നെതര്‍ലാന്‍ഡ്, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയിടങ്ങളും വെള്ളപ്പൊക്കത്തിലാണ്. പ്രദേശങ്ങളില്‍നിന്ന് ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ സൈന്യത്തിന്റെ സാന്നിധ്യത്തിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Tags:    

Similar News