കൊല്‍ക്കത്തയില്‍ ബിജെപിക്കാര്‍ പോലിസ് ജീപ്പിന് തീയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്; നിഷേധിച്ച് സംസ്ഥാന നേതൃത്വം
കൊല്‍ക്കത്ത: കൊല്‍ക്കത്ത സെക്രട്ടേറിയറ്റിലേക്ക് നടത്തിയ ബിജെപി മാര്‍ച്ചില്‍ പോലിസ് ജീപ്പ് തകര്‍ക്കുന്നതും അതിന് തീയിടുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത്. ജീപ്പിന്റെ വിന്‍ഡ് ഷീല്‍ഡും ചില്ലുകളും തകര്‍ത്തശേഷമാണ് മറ്റൊരാള്‍ സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീയിടുന്നത്.
വീഡിയോ ദൃശ്യങ്ങളുടെ ക്ലോസ് അപ് വീഡിയോ യൂത്ത് കോണ്‍ഗ്രസ് ദേശീയ മേധാവി ബി എസ് ശ്രീനിവാസാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കാവി ടി ഷര്‍ട്ട് ധരിച്ച ഒരാള്‍ സിഗരറ്റ്‌ലൈറ്റര്‍ ഉപയോഗിച്ച് മുന്‍വശത്തെ സീറ്റില്‍ വിരിച്ചിരുന്ന ടവലിന് തീ കൊടുക്കുകയായിരുന്നു.
'പശ്ചിമ ബംഗാളില്‍ ഏത് പാര്‍ട്ടിയുടെ 'ദേശീയ കലാപകാരികളാണ്' പോലിസ് ജീപ്പുകള്‍ കത്തിക്കുന്നത് എന്ന് തിരിച്ചറിയൂ?'-എന്നായിരുന്നു ട്വീറ്റിനൊപ്പമുണ്ടായിരുന്ന പോസ്റ്റ്.
അദ്ദേഹം പുറത്തുവിട്ട മറ്റൊരു വീഡിയോയില്‍ കാവി പതാകയുമായി എത്തിയ ഒരാള്‍ പോലിസ് വാഹനം തകര്‍ക്കുന്നുണ്ട്.
'''ഈ കലാപകാരികളെ അവരുടെ വസ്ത്രങ്ങളും കൊടികളും ഉപയോഗിച്ച് പ്രധാനമന്ത്രി തിരിച്ചറിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഒരിക്കലും അവരോട് ക്ഷമിക്കാന്‍ കഴിയില്ല'- മറ്റൊരു ട്വീറ്റില്‍ ശ്രീനിവാസ് ബി വി പറഞ്ഞു. കലാപകാരികളെ അവരുടെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും ബിജെപി നിഷേധിച്ചു. പോലിസാണ് തീകൊടുത്തതെന്ന് ബിജെപി ആരോപിച്ചു.
'ഞങ്ങളുടെ പ്രവര്‍ത്തകര്‍ ആയുധങ്ങളൊന്നും കൈവശം വച്ചിരുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജിഹാദികള്‍ വന്ന് അക്രമം നടത്തിയിരിക്കാം.'- ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. പോലിസാണ് ആക്രമണത്തിന് തുടക്കമിട്ടതെന്നും ബിജെപി ആരോപിച്ചു.
തൃണമൂല്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള ബിജെപിയുടെ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തതിനിടയിലാണ് സുവേന്ദു അധികാരിയെ പോലിസ് അറസ്റ്റ് ചെയ്തത്.