ന്യൂഡല്‍ഹി: യുപി മുന്‍ മുഖ്യമന്ത്രിയും രാജസ്ഥാന്‍ ഗവര്‍ണറുമായിരുന്ന കല്ല്യാണ്‍സിങ് അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ രോഗങ്ങള്‍ മൂലം ഏറെ നാളായി ചികില്‍സയിലായിരുന്നു. ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം നിലച്ച് രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് അന്ത്യം. ലഖ്‌നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് മെഡിക്കല്‍ സയന്‍സില്‍(എസ്ജിപിജിഐ) ചികില്‍സയിലായിരുന്ന അദ്ദേഹത്തിന്റെ നില മോശമായതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനാക്കിയിരുന്നു.
ജൂലൈ നാലുമുതല്‍ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോ. ആര്‍.കെ ധിമാന്റെ നേതൃത്വത്തില്‍ പത്തംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ കല്യാണ്‍ സിങിനെ ചികിത്സിച്ചിരുന്നത്. കല്യാണ്‍ സിങിനെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.
കല്ല്യാണ്‍ സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. യുപി മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിയും അനുശോചനം രേഖപ്പെടുത്തി.
യുപിയില്‍ ബിജെപിയെ ആദ്യമായി അധികാരത്തില്‍ എത്തിച്ചത് കല്യാണ്‍ സിങ്ങായിരുന്നു. ബിജെപി നേതാവായ കല്ല്യാണ്‍ സിങ് 1992ല്‍ ബാബരി മസ്ജിദ് സംഘപരിവാര ശക്തികള്‍ തകര്‍ക്കുമ്പോള്‍ യുപി മുഖ്യമന്ത്രിയായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരും കല്ല്യാണ്‍ സിങിനൊപ്പം കൂട്ടുപ്രതികളാണ്.