വിസിമാര്‍ക്ക് ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്; നവംബര്‍ മൂന്നിനകം വിശദീകരണം നല്‍കണം
തിരുവനന്തപുരം: രാജി നല്‍കാത്ത സംസ്ഥാനത്തെ ഒമ്പത് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്. എന്തുകൊണ്ട് രാജി നല്‍കിയില്ലെന്ന് ഉടന്‍ അറിയിക്കണമെന്നാണ് നോട്ടിസിലെ ആവശ്യം. നവംബര്‍ മൂന്നിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് കാരണം കാണിക്കല്‍ നോട്ടിസിലെ നിര്‍ദേശം. സുപ്രിംകോടതി വിധിയോടെ വിസിമാരുടെ നിയമനം അസാധുവായെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രിംകോടതി വിധി വ്യക്തമാണെന്നും ആര്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
രാജിവയ്ക്കാത്ത സാഹചര്യത്തില്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു. ഡിജിറ്റല്‍, ശ്രീനാരായണ സര്‍വകലാശാല വിസിമാര്‍ക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ താന്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും അറിയിച്ചു. ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റി വിസിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നത് സുപ്രിംകോടതി വിധിയില്‍ വ്യക്തമാണ്. വിസിയെന്ന നിലയില്‍ അവര്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍, നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് എന്നതാണ് പ്രശ്‌നം. ചാന്‍സലര്‍ എന്ന നിലയ്ക്ക് കോടതി വിധി ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ശ്രമിക്കുന്നത്.
കെടിയു വിസി നിയമന പ്രക്രിയക്ക് എതിരാണ് സുപ്രിംകോടതി വിധി. സുപ്രിംകോടതി ആര്‍ക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒരു വിസിയെയും താന്‍ പുറത്താക്കുകയോ സ്വാഭാവിക നീതി നിഷേധിക്കുകയോ ചെയ്തിട്ടില്ല. നിയമവിരുദ്ധമായി നിയമം നടത്തിയവര്‍ക്ക് പുറത്തേക്കുള്ള വഴി മാന്യമായ കാണിച്ചുകൊടുക്കുകയാണ് ചെയ്തത്. ഇടത് മുന്നണിയാണ് വിസിമാരോട് രാജിവയ്‌ക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയത്. വിസിമാരോട് അനുകമ്പയുണ്ട്. പക്ഷേ, കോടതി വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് രാജി ആവശ്യപ്പെട്ടത്. ഇപ്പോഴുള്ള വിസിമാര്‍ക്കും വിസി സ്ഥാനത്തേക്ക് ഇനിയും അപേക്ഷിക്കാം.
യോഗ്യതയുണ്ടെങ്കില്‍ അവരെയും പരിഗണിക്കും. വിസി സ്ഥാനത്തേക്ക് അവര്‍ക്കും അങ്ങനെ വീണ്ടും വരാം. നോട്ടീസ് നല്‍കിയിട്ടും രാജിവയ്ക്കാത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍, നവംബര്‍ മൂന്നുവരെ സമയം നല്‍കിയതായും അറിയിച്ചു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമന കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് ഗവര്‍ണര്‍ സമ്മതിച്ചു. സര്‍ക്കാര്‍ സമര്‍ദ്ദം ചെലുത്തിയതോടെയാണ് വീണ്ടും നിയമനം നല്‍കേണ്ടിവന്നത്. പുനര്‍നിയമനത്തില്‍ വിദഗ്ധരോട് താന്‍ അലോചിക്കണമായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ ആവശ്യം ചോദ്യം ചെയ്ത് വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിസിമാരുടെ ഹരജിയില്‍ ഇന്ന് നാല് മണിക്ക് ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ് നടക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹരജി പരിഗണിക്കും. അവധി ദിവസമായിട്ടും വിസിമാര്‍ ഗവര്‍ണര്‍ക്കെതിരേ ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അനുമതി വാങ്ങിയ ശേഷമാണ് ഇന്ന് പ്രത്യേക സിറ്റിങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഗവര്‍ണറുടെ നീക്കത്തെ നിയമപരമായി നേരിടുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിസിമാര്‍. 11.30 ന് രാജി സമര്‍പ്പിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം വിസിമാര്‍ തള്ളിയിരുന്നു. ഇതുവരെ ഒരു സര്‍വകലാശാല വിസിയും രാജിവച്ചില്ല. എറണാകുളം ഗസ്റ്റ് ഹൗസില്‍ വിസിമാരുടെ അടിയന്തര യോഗം ചേര്‍ന്നു. വിസിമാര്‍ നിയമവിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വി.സിമാരോടാണ് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടത്. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വിസിമാരോടാണ് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടത്.