വിറ്റുതുലയ്ക്കാന്‍ ഒരുമ്പെട്ടിറങ്ങി കേന്ദ്രം; 300 സ്ഥാപനങ്ങളെ 12 ആക്കി വെട്ടിച്ചുരുക്കും

Update: 2021-02-08 06:09 GMT

ന്യൂഡല്‍ഹി: രാജ്യത്ത് വന്‍ സ്വകാര്യവല്‍ക്കരണത്തിനു കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപോര്‍ട്ട്. പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം ഗണ്യമായി വെട്ടിച്ചുരുക്കി 300ല്‍ നിന്നു 12 ആക്കാനാണ് പദ്ധതിയിടുന്നത്. സുപ്രധാന മേഖലയ്ക്കു പുറത്തുള്ള കമ്പനികളെയെല്ലാം സ്വകാര്യവല്‍ക്കരിക്കുകയാണ് നീക്കമെന്നാണു റിപോര്‍ട്ടുകള്‍. നീതി ആയോഗിന്റെ ശുപാര്‍ശ പ്രകാരമായിരിക്കും നടപടി സ്വീകരിക്കുക. അടുത്തതായി വിറ്റഴിക്കേണ്ട സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ നീതി ആയോഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം രാജ്യത്തെ നാലു സുപ്രധാന മേഖലകളില്‍ മാത്രമായി പൊതുമേഖല സ്ഥാപനങ്ങളെ പരിമിതപ്പെടുത്തും. ഓരോ സെക്ടറിലും മൂന്ന് മുതല്‍ നാലു കമ്പനികള്‍ വരെയായിരിക്കും നിലനിര്‍ത്തുക. ബാക്കി കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുകയാണു ചെയ്യുക. വിറ്റഴിക്കല്‍ അനിവാര്യമാണെന്ന നിലപാടാണ് ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനുള്ളത്.

    പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നത് ആണവോര്‍ജ്ജം, ബഹിരാകാശം, പ്രതിരോധം, ഗതാഗതം, ടെലി കമ്മ്യൂണിക്കേഷന്‍, ഊര്‍ജ്ജം, പെട്രോളിയം, കല്‍ക്കരി, ധാതുലവണങ്ങള്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ധനകാര്യ സേവനം എന്നിവയാണ്. 2019 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 348 പൊതുമേഖല സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. ഇതില്‍ 249 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 86 എണ്ണം നിര്‍മാണ ഘട്ടത്തിലോ അടച്ചുപൂട്ടലിന്റെയോ വക്കിലാണ്.

    കഴിഞ്ഞ ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കിയ സൂചന പ്രകാരമാണ് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാന്‍ ശ്രമിക്കുന്നത്. 2021-21 സാമ്പത്തിക വര്‍ഷം ഏകദേശം രണ്ടുലക്ഷം കോടിയോളം രൂപയുടെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്നതായി ബജറ്റില്‍ സൂചിപ്പിച്ചിരുന്നു. രണ്ടു പൊതുമേഖല ബാങ്കുകളും ഒരു ഇന്‍ഷുറന്‍സ് കമ്പനിയും ഉള്‍പ്പെടെ പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് ബജറ്റില്‍ നിര്‍ദേശിച്ചിരുന്നത്.

Govt may reduce number of PSUs to just 12 from over 300 in big privatisation move

Tags:    

Similar News