കാര്‍ഷിക നിയമം ഒന്നര വര്‍ഷം വരെ നിര്‍ത്തിവയ്ക്കാം; പ്രക്ഷോഭം തണുപ്പിക്കാന്‍ പുതിയ വാഗ്ദാനവുമായി കേന്ദ്രം

Update: 2021-01-21 04:46 GMT

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ട്രാക്റ്റര്‍ റാലി ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങുമായി കര്‍ഷകര്‍ മുന്നോട്ടുപോവുന്നതിനിടെ സമരക്കാരെ തണുപ്പിക്കാന്‍ പുതിയ വാഗ്ദാനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് 18 മാസം വരെ നിര്‍ത്തിവയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. നിയമങ്ങള്‍ അവലോകനം ചെയ്യുന്നതിനും കര്‍ഷക സംഘടനകളുമായി യൂണിയനുകളുമായി ചര്‍ച്ച തുടരുന്നതിനും ഒരു സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷം വ്യാഴാഴ്ച പ്രതികരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. അടുത്ത യോഗം ജനുവരി 22നാണു തീരുമാനിച്ചിട്ടുള്ളത്.

    'പരസ്പര സംഭാഷണത്തിലൂടെ പരിഹാരം കാണാം. മൂന്ന് നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച തുടരണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു'വെന്ന് കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമര്‍ യോഗത്തിന് ശേഷം പറഞ്ഞു. 'അടുത്ത യോഗത്തോടെ ഒരു പരിഹാരത്തിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. പ്രക്ഷോഭം അവസാനിക്കുകയും കര്‍ഷകര്‍ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുകയും ചെയ്യുമ്പോള്‍ ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    കാര്‍ഷിക സംഘടനകളുടെ വിശ്വാസം പുനസ്ഥാപിക്കുന്നതിനായി മൂന്ന് നിയമങ്ങള്‍ നടപ്പാക്കുന്നത് 18 മാസം വരെ അല്ലെങ്കില്‍ പരസ്പര സമ്മതത്തോടെയുള്ള കാലയളവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സുപ്രിം കോടതിയിലെ സത്യവാങ്മൂലത്തിലൂടെ ഇത് ചെയ്യാന്‍ അവര്‍ സന്നദ്ധരാണെന്നും സംയുക്ത കിസാന്‍ മോര്‍ച്ചയുടെ 41 അംഗ പ്രതിനിധി സംഘത്തിന്റെ ഭാഗമായ കവിത കുറുഗന്തി പറഞ്ഞു. നിയമങ്ങള്‍ റദ്ദാക്കുമോ ഭേദഗതി ചെയ്യുമോ എന്ന് തീരുമാനിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഞങ്ങളുടെ മറുപടി ഒരു ദിവസത്തിനകം അറിയിക്കുമെന്നും കുറുഗന്തി കൂട്ടിച്ചേര്‍ത്തു.

    റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകല്‍ സമാന്തര ട്രാക്റ്റര്‍ പരേഡ് നടത്തുന്നതിനു മുന്നോടിയായാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്. ട്രാക്ടര്‍ റാലി തടയാന്‍ സുപ്രിംകോടതി വിസമ്മതിക്കുകയും പോലിസിനു തീരുമാനമെടുക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കര്‍ഷകരുടെ ട്രാക്റ്റര്‍ പരേഡ് ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിന് തടസ്സമാവില്ലെന്ന് കര്‍ഷക സംഘടനകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Govt offers to suspend farm laws for up to 18 months

Tags:    

Similar News