ലക്ഷദ്വീപില്‍ പിടിമുറുക്കാന്‍ പുതിയ ഭൂ നിയമവുമായി ഭരണകൂടം; ദ്വീപ് നിവാസികള്‍ക്ക് സ്വത്തിലുള്ള അധികാരം ഹനിക്കപ്പെടുമെന്ന് ആശങ്ക
താമസസ്ഥലത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടാത്ത സ്ഥലത്ത് ഭൂമിയുള്ളവര്‍ക്ക് വീട് വെക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ തടയാന്‍ നിയമം മൂലം സാധിക്കും
കവരത്തി: ലക്ഷദ്വീപ് നിവാസികള്‍ക്ക് സ്വന്തം ഭൂമിയിലുള്ള അധികാരം ഇല്ലായ്മ ചെയ്യുന്ന നിര്‍ദേശങ്ങളുമായി പുതിയ നിയമം നടപ്പിലാക്കുന്നു. ഇതിന്റെ കരടുരേഖ ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തിറക്കി. ഇതില്‍ എതിര്‍പ്പും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള അവസാന സമയം ഇന്ന് അവസാനിക്കുന്നതോടെ വരും ദിവസങ്ങളില്‍ നിയമം പൂര്‍ണരൂപത്തില്‍ നിലവില്‍ വരും. കരട് നിയമം പുറത്തിറങ്ങിയ ദിവസം മുതല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഉള്‍പ്പടെ ലക്ഷദ്വീപില്‍ ലോക്ഡൗണ്‍ ആയതിനാല്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിക്കാതെയാണ് നിയമം നടപ്പിലാക്കുന്നത്.
പുതിയ നിയമപ്രകാരം ലക്ഷദ്വീപിലുള്ള മൊത്തം ഭൂമിയെയും നാല് വിഭാഗങ്ങളായി തരം തിരിക്കും. താമസസ്ഥലം , വ്യാപാര സ്ഥലം, വ്യവസായ സ്ഥലം , കൃഷിയും മറ്റു ആവശ്യങ്ങളും എന്ന രീതിയിലായിരിക്കും വിഭജിക്കുക. ഇത്തരം ഒരു തരം തിരിക്കല്‍ പാര്‍പ്പിട കച്ചവട സൗകര്യങ്ങളെ മാറ്റി മറിക്കുമെന്നാണ് ആശങ്ക. താമസസ്ഥലത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടാത്ത സ്ഥലത്ത് ഭൂമിയുള്ളവര്‍ക്ക് വീട് വെക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ തടയാന്‍ നിയമം മൂലം സാധിക്കും. ഇത്തരം ഭൂമി ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാകും ഇതുമൂലമുണ്ടാകുക.
സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയില്‍ എന്തു ചെയ്യണം എന്ന അധികാരം ഭരണകൂടത്തില്‍ നിക്ഷിപ്തമാകുന്ന സാഹചര്യമാണ് പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ സംഭവിക്കുക എന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്. ദ്വീപ് നിവാസികള്‍ക്ക് ഭൂമിയുടെ മേലുള്ള അവകാശം വെറും സാങ്കേതികം മാത്രമായി മാറും. ലക്ഷദ്വീപിന്റെ പ്രത്യേക ഭൂമി ശാസ്ത്രം കൂടി കണക്കിലെടുക്കുമ്പോള്‍ പുതിയ നിയമം ദ്വീപ് നിവാസികളെ പ്രതികൂലമായി ബാധിക്കും.
ഒരു പ്രത്യേക മേഖലയിലുള്ള ഭൂമി വേറൊരു കാര്യത്തിന് മാറ്റി ഉപയോഗിക്കാന്‍ അനുമതിക്ക് അപേക്ഷിക്കാമെങ്കിലും മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ അനുമതി ലഭിക്കില്ല. നിയമം ലംഘിച്ചാല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള ഭീമമായ പിഴയും വീണ്ടും തെറ്റിച്ചാല്‍ ഒരു ദിവസത്തിന് ഇരുപതിനായിരം രൂപ വരെ പിഴയും അടക്കേണ്ടി വരും. ആകെയുള്ള ഭൂമി വ്യാപാര സ്ഥലം, വ്യവസായ സ്ഥലം , കൃഷിയും മറ്റു ആവശ്യങ്ങളും എന്നിവയില്‍ ഏതെങ്കിലും ഇനത്തില്‍ ഉള്‍പ്പെട്ടതാണെങ്കില്‍ അവര്‍ക്ക് സ്വന്തം ഭൂമിയില്‍ വീട് വെക്കുന്നതിനും പിഴ അടക്കേണ്ടിവരും.