ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Update: 2023-09-26 16:16 GMT
മുംബൈ: ബിജെപി ദേശീയ സെക്രട്ടറിയും വിമത നേതാവുമായ പങ്കജ മുണ്ടെയുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറിയുടെ 19 കോടിയുടെ സ്വത്തുക്കള്‍ ജിഎസ് ടി കമ്മീഷണറേറ്റ് കണ്ടുകെട്ടി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ വൈദ്യനാഥ് ഷുഗര്‍ ഫാക്ടറിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ലൈവ് മിന്റ് റിപോര്‍ട്ട് ചെയ്തു. 19 കോടി രൂപ വിലമതിക്കുന്ന ഫാക്ടറിയുടെ ബോയിലറും മറ്റ് അനുബന്ധ യന്ത്രങ്ങളും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നുണ്ട്. കൊവിഡ് കാലത്ത് ഫാക്ടറി ജിഎസ്ടി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍, ഫാക്ടറി കൊവിഡ് കാലത്തിനു ശേഷംസാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെങ്കിലും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുന്‍ മന്ത്രി കൂടിയായ പങ്കജ മുണ്ടെ പറഞ്ഞു. കുടിശ്ശികയുണ്ടായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടിയെന്നോണമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്നാണ് സൂചന. അതേസമയം, പാര്‍ട്ടിയിലെ വിമതശബ്ദമായതിനാലാണ് കണ്ടുകെട്ടിയതെന്ന ആക്ഷേപവും ശക്തമാണ്.

    'ഞങ്ങളുടെ ഫാക്ടറി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഫണ്ട് കുറവ് കാരണം ആദ്യം കര്‍ഷകരുടെ കുടിശ്ശിക അടയ്ക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ആവശ്യമായിരുന്നു. മറ്റ് ചില ഫാക്ടറികള്‍ക്കൊപ്പം നമ്മുടെ പഞ്ചസാര ഫാക്ടറിയുടെ പേരും ആദ്യ പട്ടികയില്‍ ഉണ്ടായിരുന്നു. അത് സര്‍ക്കാരിന്റെ അംഗീകാരത്തിനായി അയച്ചെങ്കിലും ഞങ്ങളുടെ ഫാക്ടറി ഒഴികെ മറ്റെല്ലാവര്‍ക്കും സാമ്പത്തിക സഹായം ലഭിച്ചു. ആ സമയത്ത് ഞങ്ങള്‍ക്ക് സഹായം ലഭിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നുവെന്നും പങ്കജാ മുണ്ടെ പറഞ്ഞു. 2013നും 2015നും ഇടയില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം രൂക്ഷമായ വരള്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ഉല്‍പ്പാദനം കുറയുകയും മാസങ്ങളോളം ഫാക്ടറി പൂട്ടിയിടുകയും ചെയ്തിരുന്നതായും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പങ്കജ മുണ്ടെ പറഞ്ഞു. കുറച്ചു കാലമായി ബിജെപിയുടെ നയങ്ങള്‍ക്കെതിരേ പാര്‍ട്ടിയില്‍ തന്നെ വിമതശബ്ദമുയര്‍ത്തിയിരുന്ന പങ്കജ് മുണ്ടെ ഇക്കഴിഞ്ഞ ജൂലൈ ഏഴു മുതല്‍ രണ്ട് മാസം രാഷ്ട്രീയ ഇടവേള എടുത്തിരുന്നു. ഇതിനു ശേഷം ശിവശക്തി യാത്രയ്ക്കായി 10 ജില്ലകളില്‍ പര്യടനം നടത്തിയെങ്കിലും ബിജെപി ബാനറിനു പകരം സ്വന്ത്രം രാഷ്ട്രീയപ്രചാരമണായിരുന്നു നടത്തിയത്. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജാ മുണ്ടെ. നിരവധി തവണ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരേ പങ്കജ രംഗത്തെത്തിയതിനെ തുടര്‍ന്ന് ഇവരെ സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിരുന്നു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനുശേഷം സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെ, പ്രത്യേകിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ പരസ്യമായി ഇവര്‍ രംഗത്തെത്തിയിരുന്നു.

    അതിനിടെ പങ്കജയെ പിന്തുണച്ച് എന്‍സിപി നേതാവ് സുപ്രിയ സുലെ രംഗത്തെത്തി. ബിജെപി പഴയ വിശ്വസ്തരോട് എങ്ങനെയാണ് അനീതി കാണിക്കുന്നത് എന്നതിന്റെ തെളിവാണ് പങ്കജയ്‌ക്കെതിരെയുള്ള നടപടിയെന്ന് സുപ്രിയ പറഞ്ഞു. മറ്റ് ബിജെപി ഫാക്ടറികള്‍ക്ക് കേന്ദ്രത്തിന്റെ സഹായം ലഭിച്ചപ്പോള്‍ പങ്കജയുടെ ഫാക്ടറി ഒഴിവാക്കപ്പെട്ടു. ഫാക്ടറിക്ക് പുതിയ വായ്പകള്‍ക്കുള്ള സര്‍ക്കാര്‍ ഗ്യാരണ്ടി ലഭിച്ചില്ലെന്നും സുപ്രിയ പറഞ്ഞു. മഹാവികാസ് അഘാടി സര്‍ക്കാര്‍ പങ്കജയുടെ ഫാക്ടറിയെ സഹായിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.




Tags:    

Similar News