ഖാദി ഉത്പന്നങ്ങള്‍ക്കു ജിഎസ്ടി ഒഴിവാക്കണം; ഖാദി ബോര്‍ഡ് പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: ഖാദിയില്‍ ഉത്പാദിപ്പിക്കുന്ന റെഡിമെയ്ഡ് ഉല്‍പന്നങ്ങള്‍ക്കു ജി.എസ്.ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പ്രധാനമന്ത്രിക്കു കത്തയച്ചു. കേന്ദ്ര സര്‍ക്കാരിനു കീഴിലെ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കരും ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ 1000 രൂപയ്ക്കുള്ള ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് അഞ്ചു ശതമാനവും അതിനുമുകളില്‍ 12 ശതമാനവുമാണു ജി.എസ്.ടി നിരക്ക്. ഖാദി റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ വന്‍ വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതു പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പരുത്തിയുടെ വില വര്‍ധനവും ഖാദി മേഖലക്ക് തിരിച്ചടിയായി. ഖാദി കമ്മീഷന്‍ സബ്‌സിഡി നിരക്കില്‍ പരുത്തി അനുവദിക്കണം. ദേശീയ പതാക എല്ലാ തുണികളിലും നിര്‍മിക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് പുനഃപരിശോധിക്കണം. ദേശീയ പതാക നിര്‍മിക്കാന്‍ അംഗീകൃത ഖാദി സ്ഥാപനങ്ങള്‍ക്ക് മാത്രം ചുമതല നല്‍കണം. ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഖാദി മേഖലയെ പ്രോത്സാഹിപ്പിച്ചു സംരക്ഷിക്കണമെന്നും കത്തില്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു.