ഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസത്തെ സമയം തേടി അഡ്വക്കേറ്റ് കമ്മീഷണര്‍
136 മണിക്കൂറെടുത്ത് പൂര്‍ത്തിയാക്കിയ സര്‍വേക്കിടെ പള്ളിയില്‍ ശിവലിംഗം കണ്ടെത്തി എന്ന് ഹിന്ദുവിഭാഗം അഭിഭാഷകന്‍ ഹരിശങ്കര്‍ ജയിന്‍ കോടതിയെ അറിയിക്കുകയായിരുന്നു
വരാണസി: ഗ്യാന്‍വാപി പള്ളിയിലെ സര്‍വേയുടെ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് കമ്മീഷണര്‍.ഇന്നലെ സര്‍വേ പൂര്‍ത്തിയായിരുന്നു.സര്‍വേ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വരാണസി കോടതി നിശ്ചയിച്ച സമയപരിധി മെയ് 17 ചൊവ്വാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ റിപോര്‍ട്ട് പൂര്‍ത്തിയാവാത്തതിനാലാണ് സമയം ആവശ്യപ്പെട്ടതെന്ന് അഡ്വക്കേറ്റ് കമ്മീഷണര്‍ വിശാല്‍ സിംഗ് അറിയിച്ചു.
അതേസമയം ഗ്യാന്‍ വാപി പള്ളിയിലെ സര്‍വേക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസുമാതായ ഡി വൈ ചന്ദ്രചൂഡ്,പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സര്‍വേ ഭരണഘടനാ ലംഘനമാണെന്നാണ് പള്ളികമ്മിറ്റിയുടെ ആരോപണം.
136 മണിക്കൂറെടുത്ത് പൂര്‍ത്തിയാക്കിയ സര്‍വേക്കിടെ പള്ളിയില്‍ ശിവലിംഗം കണ്ടെത്തി എന്ന് ഹിന്ദുവിഭാഗം അഭിഭാഷകന്‍ ഹരിശങ്കര്‍ ജയിന്‍ കോടതിയെ അറിയിക്കുകയായിരുന്നു.പള്ളിയിലെ അംഗശുദ്ധിക്കായുള്ള ജലസംഭരണിയില്‍ 12/4 അടി വ്യാസമുള്ള ശിവലിംഗം കണ്ടെന്നും കോടതി കമീഷണറുടെ ആവശ്യമനുസരിച്ച് സംഭരണിയിലെ വെള്ളം വറ്റിച്ചു തെളിവു കണ്ടു ബോധ്യപ്പെട്ടെന്നും പരാതിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.ഇതേതുടര്‍ന്ന് പള്ളി സീല്‍ ചെയ്യുകയായിരുന്നു.അതേസമയം മസ്ജിദില്‍ കണ്ടത് വുദു ടാങ്കിലെ വാട്ടര്‍ ഫൗണ്ടന്‍ ആണെന്ന് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകനും വ്യക്തമാക്കി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളിക്ക് ചുറ്റും സിആര്‍പിഎഫും പോലിസും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിനും എസ്പിക്കുമാണ് സുരക്ഷാ ചുമതല.
കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ഗ്യാന്‍വാപി പള്ളിയുടെ പുറം ഭിത്തിയിലെ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയ അഞ്ച് സ്ത്രീകളാണ് ഹരജി നല്‍കിയത്.ശ്രിംഗാര്‍ ഗൗരി, ഗണേശ വിഗ്രഹങ്ങളില്‍ എല്ലാ ദിവസവും പ്രാര്‍ത്ഥനയ്ക്ക് അനുവാദം വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. ഇവിടെ കൂടുതല്‍ വിഗ്രഹങ്ങളുണ്ടെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു.കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നിരിക്കുന്ന പള്ളിയുടെ സ്ഥാനത്ത് പുരാതന കാലത്ത് ഹിന്ദുക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്നും,മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ കാലഘട്ടത്തില്‍ സ്ഥലത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ച് പള്ളി നിര്‍മിച്ചു എന്നുമാണ് ആരോപണം.