'പാതി വെന്ത, ഉപയോഗ ശൂന്യമായ കടലാസ് കഷണം'; പോലിസ് റിപോര്‍ട്ടിനെ കടന്നാക്രമിച്ച് ഡല്‍ഹി ഹൈക്കോടതി
സാധാരണ മോഷണക്കേസില്‍ ചെയ്യുന്നതിനേക്കാള്‍ മോശമായിട്ടാണ് ഇതു ചെയ്തിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സ്‌പെഷല്‍ പോലിസ് കമ്മീഷണറോട് (വിജിലന്‍സ്) വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമവുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസിലെ പ്രതിയുടെ 'കുറ്റസമ്മത മൊഴി' ചോര്‍ന്നതുമായി ബന്ധപ്പെട്ട പോലിസിന്റെ വിജിലന്‍സ് അന്വേഷണ റിപോര്‍ട്ടിനെ കടന്നാക്രമിച്ച് ഡല്‍ഹി ഹൈക്കോടതി. പാതി വെന്ത, ഉപയോഗ ശൂന്യമായ കടലാസ് കഷ്ണമെന്നാണ് തിങ്കളാഴ്ച സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ ഹൈക്കോടതി വിശേഷിപ്പിച്ചത്. സാധാരണ മോഷണക്കേസില്‍ ചെയ്യുന്നതിനേക്കാള്‍ മോശമായിട്ടാണ് ഇതു ചെയ്തിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സ്‌പെഷല്‍ പോലിസ് കമ്മീഷണറോട് (വിജിലന്‍സ്) വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.. പ്രതികളുടെ 'നീതി' ക്കും 'അന്വേഷണത്തിന്റെ വിശുദ്ധി'ക്കും ഇത്തരം ചോര്‍ച്ചകള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി.
'കുറ്റ സമ്മതമൊഴി' ചോര്‍ന്നതിനെതിരേ ജാമിയ മില്ലിയ ഇസ്‌ലാമിയ വിദ്യാര്‍ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി പോലിസിനെ കടന്നാക്രമിച്ചത്. 'ഈ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് താന്‍ അഭിപ്രായം പറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇത് ഉപയോഗശൂന്യമായ ഒരു കടലാസാണെന്ന് താന്‍ പറയും, മാത്രമല്ല, കോടതിയെ അവഹേളിക്കുന്നതാണിത്.
'ദേശീയ പ്രാധാന്യമുള്ളതാണെന്ന് നിങ്ങള്‍ കരുതുന്ന നിങ്ങളുടെ സ്വന്തം പ്രസ്താവനയില്‍ ശരിയായ അന്വേഷണം നടത്താന്‍ ഈ കോടതി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, നിങ്ങളുടെ അന്വേഷണ രേഖകള്‍ ചോര്‍ന്നതില്‍ നിങ്ങള്‍ ദുഖിക്കുകയും ചെയ്യുന്നു. ഈ വിജിലന്‍സ് അന്വേഷണ റിപോര്‍ട്ട് നോക്കു. 'ഈ വിജിലന്‍സ് അന്വേഷണം സാധാരണ മോഷണക്കേസില്‍ പിജി (പബ്ലിക് ഗ്രീവന്‍സ്) സെല്ല് നടത്തുന്ന പതിവ് അന്വേഷണത്തേക്കാള്‍ മോശമാണ്'- കോടതി നിരീക്ഷിച്ചു. ചോര്‍ച്ചയില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഡല്‍ഹി പോലിസ് വിജിലന്‍സ് അന്വേഷണ നിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചു.