പേരാമ്പ്രയിലെ വിദ്വേഷമുദ്രാവാക്യം: കലാപാഹ്വാനക്കുറ്റം ചുമത്തിയില്ല; ബിജെപിക്കാര്‍ക്കെതിരേ കേസെടുത്തത് ഗതാഗതടസ്സം ഉണ്ടാക്കിയതിന്

Update: 2022-05-30 06:29 GMT

കോഴിക്കോട്: ഹലാല്‍ ഇറച്ചി വിഷയത്തില്‍ പേരാമ്പ്രയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കി പ്രകോപനം സൃഷ്ടിച്ച ബിജെപിക്കാര്‍ക്കെതിരേ പേരാമ്പ്ര പോലിസ് കേസെടുത്തത് ഗതാഗതതടസ്സം ഉണ്ടാക്കിയതിനും അനധികൃതമായി കൂട്ടം ചേര്‍ന്നതിനും. വിദ്വേഷമുദ്രാവാക്യത്തിന്റെ പേരില്‍ കള്ളക്കേസെടുത്ത് മുസ് ലിംസംഘടനകള്‍ക്കെതിരേ കലാപാഹ്വാനത്തിന് കേസെടുക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ കലാപാഹ്വാനം ചെയ്ത് പ്രകടനം നടത്തിയ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരേ നിസ്സാര കേസുകള്‍ ചുമത്തുന്നത്. ഇരകള്‍ കലാപാഹ്വാനത്തിന് പരാതി നല്‍കുമ്പോള്‍ അത് എടുക്കാതിരിക്കാന്‍ കൂടിയാണ് ചെറിയ കുറ്റംചുമത്തി കേസെടുക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

'ഹലാലിന്റെ പേര് പറഞ്ഞ് ഹൈന്ദവ മക്കളെ നേരെ വന്നാല്‍ കയ്യും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ ചെറ്റക്ക് പാര്‍സലയക്കും ആര്‍എസ്എസ്' എന്ന പ്രകോപന മുദ്രാവാക്യവുമായാണ് ബിജെപി പ്രവര്‍ത്തകര്‍ മെയ് മാസം രണ്ടാം വാരത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തിയത്. പേരാമ്പ്രയില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് വ്യാപാര സ്ഥാപനത്തില്‍ കയറി ആക്രമണം നടത്തിയ പ്രസൂണ്‍, ഹരികുമാര്‍ എന്നീ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് മുസ് ലിംവിദ്വേഷം പ്രസരിപ്പിക്കുന്ന മുദ്രാവാക്യം മുഴക്കിയത്. 

മെയ് പതിനൊന്നാം തിയ്യതി പേരാമ്പ്ര പോലിസ് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേ ഐപിസി 143, 147, 283, 149 വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്. നിയമവിരുദ്ധമായി കൂട്ടംചേരുക, അക്രമം നടത്തുക, റോഡ് തടസ്സപ്പെടുത്തുക തുടങ്ങിയ താരതമ്യേന ലഘുവായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഒരുപ്രതിയുടെ പോലും പേരെടുത്തുപറഞ്ഞിട്ടില്ല. എല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.

എന്നാല്‍ മുസ്ലിംകള്‍ക്കെതിരേ എടുക്കുന്ന സമാനമായ കേസുകളില്‍ മതസ്പര്‍ധയും സംഘര്‍ഷവും ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട 153എയാണ് ചുമത്തുക പതിവ്. ഇത് ജാമ്യം ലഭിക്കാത്ത വകുപ്പാണ്.

പ്രതികള്‍ക്കെതിരേ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരോട് ഒരു സംഭവത്തില്‍ രണ്ട് കേസെടുക്കാനാവില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

മെയ് മാസം പത്താംതിയ്യതി വൈകിട്ട് മൂന്ന് മണിയോടെയാണ് പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബിജെപി പ്രവര്‍ത്തകരായ നാലംഗ സംഘം ഹലാല്‍ സ്റ്റിക്കറില്ലാത്ത ഇറച്ചി ആവശ്യപ്പെട്ടത്. ഇല്ലെന്ന് പറഞ്ഞ് മടങ്ങിപ്പോയ ഇവര്‍ ആറ് മണിയോടെ തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു.

Tags:    

Similar News