ന്യൂഡല്‍ഹി: യുപി പോലിസ് അന്യായമായി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. ജാമ്യം നേടി ആറാഴ്ച ഡല്‍ഹിയില്‍ കഴിയണം. അതിന് ശേഷം കേരളത്തിലേക്ക് പോവാമെന്നാണ് സുപ്രിംകോടതി ഉത്തരവില്‍ പറയുന്നത്. ഡല്‍ഹിയില്‍ കഴിയുന്ന സമയം ജംഗ്പുരയിലെ പോലിസ് സ്‌റ്റേഷനില്‍ എല്ലാ ദിവസവും കാപ്പന്‍ ഹാജരാവണം. കേരളത്തിലെത്തിയശേഷം എല്ലാ തിങ്കളാഴ്ചശേഷം ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യണം. കാപ്പനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ എല്ലാ ദിവസവും ഹിയറിങ്ങിന് വിചാരണ കോടതിയില്‍ ഹാജരാവണം.
പുറത്തിറങ്ങുന്നതിന് മുമ്പ് കാപ്പന്റെ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും ജാമ്യ ഉത്തരവിലുണ്ട്. അതേസമയം, കാപ്പന് പുറത്തിറങ്ങണമെങ്കില്‍ 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ കാപ്പന് ജാമ്യം ലഭിക്കേണ്ടതുണ്ട്. കാപ്പനെതിരേ ആരംഭിച്ച ഇഡി കേസ് നടപടികളില്‍ ജാമ്യത്തിന് അപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവും കാപ്പന് അനുവദിച്ചിട്ടുണ്ട്. യുഎപിഎ കേസില്‍ യുപി സര്‍ക്കാര്‍ ഹാജരാക്കിയ കള്ളക്കഥകളുടെ അടിസ്ഥാനത്തിലാണ് ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ സുപ്രിംകോടതി ജാമ്യം നല്‍കിയതോടെ ഇഡി കേസിലും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാപ്പന്റെ അഭിഭാഷകന്‍ പ്രതികരിച്ചു.
കള്ളക്കഥകള്‍ ചമച്ച് ജാമ്യത്തെ എതിര്‍ത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകരുടെ വാദങ്ങള്‍ തള്ളിയാണ് സുപ്രിംകോടതി ജാമ്യം നല്‍കിയത്. രണ്ടുവര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സപ്തംബര്‍ ഒമ്പതിന് തീര്‍പ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആഗസ്ത് 29ന് വ്യക്തമാക്കിയിരുന്നു. ജാമ്യാപേക്ഷയില്‍ സപ്തംബര്‍ ഏഴിനകം മറുപടി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി യുപി സര്‍ക്കാരിന് സമയം നല്‍കിയാണ് ഹരജി ഇന്നത്തേക്ക് മാറ്റിയിരുന്നത്. സിദ്ദീഖ് കാപ്പന് പോപുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ട്, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നുണ്ട് തുടങ്ങിയ പച്ചക്കള്ളങ്ങള്‍ നിരത്തിയാണ് യുപി സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ ജാമ്യത്തെ എതിര്‍ത്തത്.
അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ ത്തുടര്‍ന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്. ഇതിനുമുമ്പ് രോഗബാധിതയായ മാതാവിനെ കാണാന്‍ 2021 ഫെബ്രുവരിയില്‍ ഒരു തവണ മാത്രമാണ് സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിരുന്നത്. നാലു മാസത്തിനു ശേഷം ജൂണില്‍ മാതാവ് ഖദീജക്കുട്ടി മരണപ്പെടുകയും ചെയ്തു. ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ ഹാഥ്‌റസിലേക്ക് പോവുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മലയാളി മാധ്യപ്രവര്‍ത്തകനും കെയുഡബ്ല്യുജെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
കാംപസ് ഫ്രണ്ട് ദേശീയ ഖജാഞ്ചി അതീഖുര്‍റഹ്മാന്‍, മസൂദ്, ഓലെ കാബ് ഡ്രൈവര്‍ ആലം എന്നിവരെയും കാപ്പനോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രദേശത്തെ സൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ ഹാഥ്‌റസിലേക്ക് പോയതെന്ന കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുഎപിഎ, രാജ്യദ്രോഹം, ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയ കടുത്ത വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു. രണ്ടു വര്‍ഷത്തോളം ജയിലിലടച്ച ശേഷം കഴിഞ്ഞ മാസം കാബ് ഡ്രൈവര്‍ ആലമിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദീഖ് കാപ്പനും സുപ്രിംകോടതി ജാമ്യം അനുവദിക്കുന്നത്.