ഗോവിന്ദ് പൻസാരെയുടെ കൊലപാതകം: അന്വഷണം ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറി ഹൈക്കോടതി
കേസ് അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം കഴിഞ്ഞ മാസമാണ് ബോംബെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.
മുംബൈ: സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകക്കേസില്‍ അന്വേഷണം ഭീകരവിരുദ്ധ സ്‌ക്വാഡിന് (എടിഎസ്) കൈമാറി ബോംബെ ഹൈക്കോടതി ഉത്തരവ്. സിഐഡി അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി പന്‍സാരെയുടെ കുടുംബം നല്‍കിയ ഹരജിയിലാണ് നടപടി. പന്‍സാരെ കൊല്ലപ്പെട്ട് ഏഴുവര്‍ഷത്തിന് ശേഷമാണ് കേസന്വേഷണം മാറ്റുന്നത്.
അന്വേഷണം എടിഎസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് പന്‍സാരെയുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച ഹരജി അംഗീകരിക്കുകയാണെന്ന് ജസ്റ്റിസുമാരായ രേവതി മൊഹികേ, ഷര്‍മിളി ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷന്‍ബഞ്ച് അറിയിച്ചു.
കേസ് അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം കഴിഞ്ഞ മാസമാണ് ബോംബെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. അന്വേഷണം എടിഎസിന് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്നും അത് സര്‍ക്കാര്‍ ഏജന്‍സിയാണെന്നും എസ്‌ഐടിക്ക് വേണ്ടി ഹാജരയാ അഭിഭാഷകന്‍ അറിയിച്ചു
2015 ഫെബ്രുവരി 16ന് കോലാപുരിലെ വീടിന് സമീപം പ്രഭാതസവാരിക്കിടെയാണ് പന്‍സാരെയ്ക്കു അക്രമികളുടെ വെടിയേറ്റത്. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.