ഹേമാ കമ്മിറ്റി റിപോര്‍ട്ട്; വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച്
അതിനിടെ, ഹൈക്കോടതി നിര്‍ദേശപ്രകാരം ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരൂപം സപ്തംബര്‍ ഒമ്പതിനു മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറിയേക്കുമെന്നാണ് വിവരം.
കൊച്ചി: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ആക്റ്റിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായി അഞ്ച് വനിതാ ജഡ്ജിമാര്‍ അംഗങ്ങളായ പ്രത്യേക ബെഞ്ചാണ് രൂപീകരിച്ചത്. ഇനിമുതല്‍ ഈ ബെഞ്ചാണ് വാദം കേള്‍ക്കുക. അതിനിടെ, ഹൈക്കോടതി നിര്‍ദേശപ്രകാരം ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരൂപം സപ്തംബര്‍ ഒമ്പതിനു മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറിയേക്കുമെന്നാണ് വിവരം. റിപോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിയുടെ പകര്‍പ്പുകള്‍, സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍, തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളഉം അവയുടെ ഇപ്പോഴത്തെ നിലയും കോടതിക്ക് കൈമാറിയേക്കും.
ഇക്കഴിഞ്ഞ ആഗസ്ത് 22നാണ് ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവച്ച കവറില്‍ സപ്തംബര്‍ 10നകം സമര്‍പ്പിക്കണമെന്നാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ച് നിര്‍ദേശം നല്‍കിയത്. നേരത്തേ, ഹേമാ കമ്മിറ്റി റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടും നാല് വര്‍ഷത്തോളം പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് പുറത്തുവിടാന്‍ നിര്‍ബന്ധിതമായത്. എന്നാല്‍, സ്വകാര്യത മാനിക്കണമെന്ന വാദം ചൂണ്ടിക്കാട്ടി ഏതാനും ഭാഗം പുറത്തുവിട്ടിരുന്നില്ല. കമ്മീഷന്‍ പുറത്തു വിടേണ്ടെന്ന് നിര്‍ദേശിച്ച ഭാഗങ്ങള്‍ക്കു പകരം മറ്റു ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പുറത്തുവിട്ടതെന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു. ഹേമാ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതില്‍ പരിമിതിയുണ്ടെന്നും പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. റിപോര്‍ട്ടിനു പിന്നാലെ മലയാള സിനിമാ ലോകത്ത് വന്‍ കോളിളക്കമാണുണ്ടാക്കിയത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ ലൈംഗികവും തൊഴില്‍പരവുമായ വന്‍ ചൂഷണത്തിന് ഇരയാവുന്നതായാണ് റിപോര്‍ട്ടിലുള്ളത്. ഇതിനുപിന്നാലെ ഏതാനും നടിമാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും നല്‍കിയ പരാതിയില്‍ നടന്‍മാരായ മുകേഷ്, സിദ്ദീഖ്, നിവിന്‍പോളി, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവരും സംവിധാകന്‍ രഞ്ജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.