സിനിമാ മേഖലയിലെ ലഹരി ഉപയോഗം തടയണം: പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി
പീഡിപ്പിക്കപ്പെട്ടെന്ന് മൊഴി നല്‍കിയവര്‍ക്ക് കേസിന് താല്‍പര്യമില്ലെങ്കില്‍ നിര്‍ബന്ധിക്കരുത്
കൊച്ചി: സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലേയും സ്റ്റുഡിയോകളിലെയും ലഹരി ഉപയോഗം തടയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭാവിയില്‍ സിനിമാ മേഖലയില്‍ മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഉപയോഗമുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രത്യേക പോലിസ് സംഘത്തിന് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി. സിനിമയുമായി ബന്ധപ്പെട്ട ഒരു മേഖലയിലും ലഹരി ഉപയോഗം ഉണ്ടാവരുതെന്നാണ് നിര്‍ദേശം. സിനിമാ മേഖലയെ കുറിച്ച് പഠിച്ച ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ ലഹരി ഉപയോഗത്തെ കുറിച്ച് സൂചനയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാലാണ് നിര്‍ണായകമായ ഉത്തരവിറക്കിയിരിക്കുന്നത്.
ജസ്റ്റീസ് ഹേമക്ക് മുന്നില്‍ ലൈംഗികാതിക്രമം നടന്നെന്ന് പരാതി പറഞ്ഞവരുടെ പേരു വിവരങ്ങള്‍ ഒരു കാരണവശാലും പുറത്തു പോവരുതെന്നും പ്രത്യേക പോലിസ് സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പരാതികളില്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിവരങ്ങളൊന്നും പോലിസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കരുത്. ഇവയുടെ പകര്‍പ്പുകള്‍ പരാതിക്കാര്‍ക്ക് മാത്രമേ നല്‍കാവു. കേസില്‍ കുറ്റപത്രം നല്‍കിയതിന് ശേഷം മാത്രമേ പകര്‍പ്പുകള്‍ ആരോപണവിധേയര്‍ക്ക് നല്‍കാവൂ.
ഹേമാ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ ആര്‍ക്കും കേസുമായി മുന്നോട്ടു പോവാന്‍ താല്‍പര്യമില്ലെന്നാണ് പ്രത്യേക പോലിസ് സംഘം അറിയിച്ചിരിക്കുന്നത്. ആരോപണങ്ങളില്‍ കേസ് റജിസ്റ്റര്‍ ചെയ്ത ശേഷം പരാതിക്കാരെ പോലിസ് നേരില്‍ കാണണം. മൊഴികളും തെളിവുകളും നല്‍കാന്‍ തയ്യാറാണെങ്കില്‍ കേസുമായി മുന്നോട്ടു പോവാം. അവര്‍ സഹകരിക്കുന്നില്ലെങ്കില്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കണം. കേസുമായി മുന്നോട്ടു പോവാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.