കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം; മൂന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും ജാമ്യം

കേസില്‍ മൂന്ന് പേരെയായിരുന്നു പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. എബിവിപി, രാഷ്ട്രീയ ഭക്ത സംഘട്ടന്‍, ഹിന്ദു ജാഗരണ്‍ മഞ്ച് എന്നീ സംഘടന നേതാക്കള്‍ക്കാണ് ജാമ്യം അനുവദിച്ചത്.

Update: 2021-04-08 12:10 GMT

ന്യൂഡല്‍ഹി: ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കെതിരേ നടന്ന ആക്രമണത്തില്‍ അറസ്റ്റിലായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. ഝാന്‍സി ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്.

കേസില്‍ മൂന്ന് പേരെയായിരുന്നു പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. എബിവിപി, രാഷ്ട്രീയ ഭക്ത സംഘട്ടന്‍, ഹിന്ദു ജാഗരണ്‍ മഞ്ച് എന്നീ സംഘടന നേതാക്കള്‍ക്കാണ് ജാമ്യം അനുവദിച്ചത്. കൂടുതല്‍ വാദത്തിനായി കേസ് ഏപ്രില്‍ 22ലേക്ക് മാറ്റി. വലിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് ഹിന്ദു സംഘടന പ്രവര്‍ത്തകരായ അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ്, അജയ് ശങ്കര്‍ തിവാരി എന്നിവരെ യുപി പോലിസ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച് 19നു ഡല്‍ഹിയില്‍ നിന്നു ഒഡീഷയിലേക്കു പോയ ഉത്കല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ടു സന്യാസാര്‍ഥിനികള്‍ക്കും എതിരേയാണ് ഭീഷണിയും അധിക്ഷേപവുമുണ്ടായത്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു അധിക്ഷേപവും ഭീഷണിയും. മതിയായ യാത്രാരേഖകളും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചിട്ടും അതിക്രമിച്ചു കയറിയവരെ പിന്തുണച്ച റെയില്‍വെ ഉദ്യോഗസ്ഥരും പോലിസും യാത്രക്കാരെ ട്രെയിനില്‍ നിന്നിറക്കി പോലിസ് സ്‌റ്റേഷനില്‍ രാത്രി പത്തുവരെ തടഞ്ഞുവച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ യുപി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയതെന്ന് ഝാന്‍സി പോലിസ് സൂപ്രണ്ടും വെളിപ്പെടുത്തിയിരുന്നു. ക്രൈസ്തവര്‍ക്കതിരെ നടന്ന സംഘപരിവാര്‍ ആക്രമണത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നു.

Tags:    

Similar News