ഇസ്രായേലില്‍ ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം നാല് സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടു 70 സൈനികര്‍ക്ക് ഗുരുതര പരിക്ക്
സയണിസ്റ്റുകളുടെ പ്രത്യേക സൈനികരായ ഗോലാനി ബ്രിഗേഡിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്
ജെറുസലേം: ഇസ്രായേലില്‍ ഹിസ്ബുല്ല നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലു സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടു. 70 സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു. സയണിസ്റ്റുകളുടെ പ്രത്യേക സൈനികവിഭാഗമായ ഗോലാനി ബ്രിഗേഡിന്റെ മധ്യ ഇസ്രായേലിലെ ബിന്യാമിന പ്രദേശത്തെ സൈനികതാവളമാണ് ഹിസ്ബുല്ലയുടെ നിരവധി ഡ്രോണുകള്‍ ആക്രമിച്ചിരിക്കുന്നത്.
സൈനികരെല്ലാം ഭക്ഷണം കഴിക്കാന്‍ ഒത്തുകൂടുന്ന ഡൈനിങ് റൂമാണ് ആക്രമണത്തില്‍ തകര്‍ന്നത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് സയണിസ്റ്റ് മാധ്യമങ്ങള്‍ സൂചന നല്‍കി. തെക്കന്‍ ലെബനാനിലും ബെയ്‌റൂത്തിലും സയണിസ്റ്റ് സൈന്യം നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ആക്രമണമെന്ന് ഹിസ്ബുല്ല അറിയിച്ചു. ഗോലാന്‍ കുന്നുകളിലെ സയണിസ്റ്റുകളുടെ മറ്റൊരു സൈനിക കേന്ദ്രത്തെയും മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതായും ഹിസ്ബുല്ല വക്താവ് കൂട്ടിച്ചേര്‍ത്തു.
ഡ്രോണുകള്‍ ഇസ്രായേല്‍ വ്യോമാതിര്‍ത്തി കടന്നപ്പോള്‍ മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നും ഇതില്‍ അന്വേഷണം നടത്തുമെന്നും സയണിസ്റ്റ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഞായറാഴ്ച്ച മാത്രം 115 മിസൈലുകള്‍ ഹിസ്ബുല്ല ഇസ്രായേലിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം, ഹിസ്ബുല്ലയുടെ മിര്‍സാദ് ഡ്രോണുകള്‍ കടലില്‍ നിന്ന് വിക്ഷേപിച്ചുവെന്നാണ് പ്രാഥമിക അനുമാനം. മണിക്കൂറില്‍ 370 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ ഡ്രോണുകള്‍ക്ക് 120 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യങ്ങളില്‍ കൃത്യമായി ആക്രമണം നടത്താന്‍ കഴിയും. 3000 അടി പൊക്കത്തില്‍ പറക്കാന്‍ ശേഷിയുള്ള ഇവക്ക് 40 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും വഹിക്കാനാവും.
ഇസ്രായേലിലെ സുരക്ഷാ പ്രതിസന്ധി വര്‍ധിച്ച സാഹചര്യത്തില്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ നല്‍കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ 100 യുഎസ് സൈനികരും ഇസ്രായേലില്‍ എത്തും.