വ്യോമസേന 70,000 എകെ 103 റൈഫിളുകള്‍ വാങ്ങുന്നു; റഷ്യയുമായി കരാര്‍ ഒപ്പിട്ടു

Update: 2021-08-28 09:23 GMT

ന്യൂഡല്‍ഹി: 70,000 എകെ 103 അത്യാധുനിക റൈഫിളുകള്‍ വാങ്ങാന്‍ ഇന്ത്യന്‍ വ്യോമസേന റഷ്യയുമായി കരാര്‍ ഒപ്പിട്ടു. ഇന്ത്യന്‍ വ്യോമസേനയ്ക്ക് 1.5 ലക്ഷത്തിലധികം പുതിയ ആക്രമണ റൈഫിളുകള്‍ ആവശ്യമുണ്ട്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ എകെ 103 റൈഫിളുകള്‍ ലഭ്യമാക്കുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ്-പാകിസ്താന്‍ അതിര്‍ത്തികളിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ഇന്ത്യയുടെ നീക്കം ശ്രദ്ധേയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'റഷ്യയില്‍ നിന്ന് 70,000 എകെ 103 റൈഫിളുകള്‍ വാങ്ങുന്നതിനായി കഴിഞ്ഞയാഴ്ച അടിയന്തര വ്യവസ്ഥകള്‍ പ്രകാരം ഏകദേശം 300 കോടി രൂപയുടെ കരാര്‍ ആണ് ഒപ്പിട്ടത്. 'ആയുധങ്ങള്‍ ആദ്യം നല്‍കുന്നത് ജമ്മു കശ്മീര്‍, ശ്രീനഗര്‍ മേഖലകളിലെ സൈന്യങ്ങള്‍ക്കും സെന്‍സിറ്റീവ് എയര്‍ ബേസുകള്‍ക്കുമാണ്'. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയും റഷ്യയും ഒന്നിച്ച് അത്യാധുനികമായ എകെ 203 ഇന്ത്യയ്ക്കുള്ളില്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചതിനുശേഷം സൈനികാവശ്യത്തിനുള്ള റൈഫിളുകള്‍ ലഭ്യമാക്കും.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ലഡാക്ക് മേഖലയിലുണ്ടായ ചൈനീസ് ആക്രമണത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രതിരോധ സേന ആയുധങ്ങളുടെ ആധുനികവല്‍ക്കരണത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചത്. ഇതിനകം 1.5 ലക്ഷം അമേരിക്കന്‍ സിഗ് സോവറുകളും 16,000 നെഗേവ് ലൈറ്റ് മെഷീന്‍ ഗണ്‍സും സൈന്യത്തിന് നല്‍കിയിട്ടുണ്ട്.

Tags:    

Similar News