റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ന് ഇന്ത്യയിലെത്തും
പാക് വ്യോമ പാത ഒഴിവാക്കി ഗുജറാത്തിലെ ജാംനഗര്‍ വഴി വിമാനങ്ങള്‍ ഹരിയാനയില്‍ എത്തിച്ചേരും.
ന്യൂഡല്‍ഹി: റഫാല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ന് ഇന്ത്യയിലെത്തും. ഉച്ചയോടെ, അംബാലയിലെ വ്യോമതാവളത്തില്‍ വിമാനങ്ങള്‍ എത്തുമെന്നാണ് സേന വൃത്തങ്ങള്‍ അറിയിച്ചത്. പാക് വ്യോമ പാത ഒഴിവാക്കി ഗുജറാത്തിലെ ജാംനഗര്‍ വഴി വിമാനങ്ങള്‍ ഹരിയാനയില്‍ എത്തിച്ചേരും.
ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ ടാങ്കര്‍ വിമാനങ്ങള്‍ അനുഗമിക്കും. പതിനേഴ് ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രനിലെ കമാന്‍ഡിംഗ് ഓഫിസര്‍ ക്യാപ്റ്റന്‍ ഹര്‍ക്രിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഏഴ് ഇന്ത്യന്‍ പൈലറ്റുമാരാണ് വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറത്തുന്നത്. ഇതില്‍ വിങ്ങ് കമാന്‍ഡര്‍ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്.
അഞ്ച് വിമാനങ്ങളുടെ ബാച്ചില്‍ ആദ്യ വിമാനത്തിന് ആര്‍ബി01 എന്ന നമ്പരാണ് വ്യോമസേന നല്‍കിയിരിക്കുന്നത്. വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയയുടെ പേരില്‍ നിന്നാണ് ആര്‍, ബി എന്നീ രണ്ടു അക്ഷരങ്ങള്‍ എടുത്തിരിക്കുന്നത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ധാരണയിലെത്തിയ സംഘത്തിന്റെ ചെയര്‍മാനായിരുന്നു ബദൗരിയ. ഇത് കണക്കിലെടുത്താണ് ഈ നാമകരണം നല്‍കിയത്.