രാജ്‌നാഥ് സിങ് ഫ്രഞ്ച് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
59,000 കോടി രൂപയ്ക്കാണ് 36 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്.
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലിയും കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രിയുടെ ഓഫിസിലാണ് കൂടിക്കാഴ്ച നടന്നത്. ഇതിന് ശേഷം ഇരുവരും ഹരിയാനയിലെ അംബാലയിലേക്ക് തിരിച്ചു. റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് പാര്‍ലി ഇന്ത്യയിലെത്തിയത്. രാവിലെ പത്തിന് അംബാലയിലാണ് ചടങ്ങ്. ഡാസോ ഏവിയേഷന്‍ സിഇഒ എറിക് ട്രാപ്പിയറും ഇതില്‍ പങ്കെടുക്കും.
പരിപാടിയില്‍ ഫ്രാന്‍സ് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലിയും മുഖ്യഅതിഥിയാകും. റഫാല്‍ വിമാനങ്ങള്‍ സ്‌ക്വാഡ്രണ്‍ 17 ഗോള്‍ഡന്‍ ആരോസിന്റെ ഭാഗമാണാകുന്നത്. റഫാല്‍ വിമാനത്തിന്റെ ആചാരപരമായ അനാച്ഛാദനം, റഫാല്‍ തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസം എന്നിവ ചടങ്ങില്‍ നടക്കും. തുടര്‍ന്ന് ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും പ്രതിനിധി സംഘങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയുണ്ടാകും.
ജൂലൈ 29നാണ് അഞ്ച് വിമാനങ്ങള്‍ അടങ്ങിയ റാഫേല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ത്യയിലെത്തിയത്. മിറാഷ് യുദ്ധ വിമാനങ്ങളേക്കാള്‍ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെആക്രമണം നടത്താന്‍ കഴിയും. 59,000 കോടി രൂപയ്ക്കാണ് 36 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്.