റഫേല്‍: സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലവുമായി കേന്ദ്രം

റഫേല്‍ ഇടപാടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും നല്‍കിയിട്ടുണ്ടെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.

Update: 2019-05-09 11:20 GMT

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. റഫേല്‍ ഇടപാടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും നല്‍കിയിട്ടുണ്ടെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.

കേസ് ആദ്യം പരിഗണിച്ച വേളയില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു, മുഴുവന്‍ രേഖകളും ഹാജരാക്കിയില്ല, കോടതിയില്‍ കള്ളം പറഞ്ഞു, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹരജിക്കാരില്‍ ഒരാളായ പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ സുപ്രിംകോടതിയില്‍ പുതിയ പരാതി നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

റഫേലുമായി ബന്ധപ്പെട്ട ഒരുരേഖ പോലും കോടതിക്ക് നല്‍കാതിരുന്നിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. തെറ്റായ ഒരു പ്രസ്തവനയും നടത്തിയിട്ടില്ല. കേസ് ആദ്യം പരിഗണിക്കവേ, കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ചെറിയ സാങ്കേതികപ്പിഴവ് വന്നിട്ടുണ്ട്. റഫേല്‍ ഇടപാട് അംഗീകരിച്ചുകൊണ്ടുള്ള സിഎജി റിപോര്‍ട്ട് പാര്‍ലമെന്റില്‍വച്ചുവെന്ന പരമാര്‍ശമാണിത്. അന്ന് യഥാര്‍ഥത്തില്‍ റിപോര്‍ട്ട് പാര്‍ലമെന്റിലെത്തിയിട്ടില്ലായിരുന്നു. ഈ സാങ്കേതികപ്പപിഴവ് അംഗീകരിച്ചാല്‍തന്നെയും ക്ലീന്‍ ചിറ്റ് നല്‍കിയ ഉത്തരവിനെ ഒരുതരത്തിലും ബാധിക്കില്ല.

വില സംബന്ധിച്ചും തര്‍ക്കമില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ധാരണയായതിനേക്കാള്‍ 2.89 ശതമാനം വിലകുറച്ചാണ് വിമാനങ്ങള്‍ വാങ്ങിയതെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുനപ്പരിശോധന ഹരജി തള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. റഫേല്‍ കേസില്‍ അന്വേഷണം വേണ്ടെന്ന വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനപ്പരിശോധനാ ഹരജികള്‍ നാളെ സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം.  

Tags:    

Similar News