റഫേല്‍ ഇടപാട്: പുനപ്പരിശോധനാ ഹരജികള്‍ സുപ്രിംകോടതി തള്ളി; കോണ്‍ഗ്രസിന് തിരിച്ചടി
ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പരാമര്‍ശത്തിലെ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹരജിയും തള്ളി. ഭാവിയില്‍ രാഹുല്‍ കൂടുതല്‍ സൂക്ഷ്മതയോടെ പെരുമാറണമെന്നും കോടതി പറഞ്ഞു. നരേന്ദ്രമോദിക്കെതിരേ രാഹുല്‍ നടത്തിയ പരാമര്‍ശത്തില്‍ ലോക്‌സഭാ എംപി മീനാക്ഷി ലേഖിയാണ് കോടതിയെ സമീപിച്ചത്.
ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയാരോപണം ഉന്നയിച്ചുള്ള ഹരജികള്‍ തള്ളിയ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികളും സുപ്രിംകോടതി തള്ളി. ഹരജികളില്‍ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പരാമര്‍ശത്തിലെ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹരജിയും തള്ളി. ഭാവിയില്‍ രാഹുല്‍ കൂടുതല്‍ സൂക്ഷ്മതയോടെ പെരുമാറണമെന്നും കോടതി പറഞ്ഞു. നരേന്ദ്രമോദിക്കെതിരേ രാഹുല്‍ നടത്തിയ പരാമര്‍ശത്തില്‍ ലോക്‌സഭാ എംപി മീനാക്ഷി ലേഖിയാണ് കോടതിയെ സമീപിച്ചത്.
നേരത്തെ സമര്‍പ്പിച്ച ഹരജികളില്‍ കഴിഞ്ഞ ഡിസംബര്‍ 14ന് കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കി സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഹരജിക്കാര്‍ പുനപ്പരിശോധനാ ഹരജിയുമായി വീണ്ടും സുപ്രിംകോടതിയില്‍ എത്തിയത്. പുനപ്പരിശോധനാ ഹരജികള്‍ തള്ളിയത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും കേന്ദ്രസര്‍ക്കാരിനെതിരേയുമുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആയുധമായിരുന്നു റഫേല്‍ ഇടപാട്. ഫ്രാന്‍സിലെ ദസൊ ഏവിയേഷനില്‍നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ 59,000 കോടി രൂപയ്ക്ക് വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹരജി ഡിസംബര്‍ 14നാണ് സുപ്രിംകോടതി തള്ളിയത്.
അഭിഭാഷകരായ എം എല്‍ ശര്‍മ, വിനീത് ദണ്ഡ, രാജ്യസഭാംഗവും എഎപി നേതാവുമായ സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൗരി, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് പുനപ്പരിശോധനാ ഹരജികളുമായി സുപ്രിംകോടതിയെ സമീപിച്ചത്. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വസ്തുതകള്‍ സര്‍ക്കാര്‍ സുപ്രിംകോടതിക്കുമുമ്പാകെ മറച്ചുവച്ചെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. റഫേല്‍ വിഷയത്തില്‍ സിഎജി റിപോര്‍ട്ടുണ്ടെന്നും അത് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചെന്നുമുള്ള വിധിയിലെ പരാമര്‍ശം വസ്തുതാപരമായി തെറ്റാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ഹരജിക്കാരും അന്നുതന്നെ രംഗത്തെത്തിയിരുന്നു.