ഒന്നിച്ചുനിന്നാല്‍ ബിജെപി വെറും 50 സീറ്റിലേക്ക് ചുരുങ്ങും; പ്രതിപക്ഷ ഐക്യാഹ്വാനവുമായി നിതീഷ് കുമാര്‍
പട്നയില്‍ നടന്ന ജെഡിയുവിന്റെ എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രതിപക്ഷ ഐക്യത്തിനായി ആഹ്വാനം ചെയ്തത്.
ന്യൂഡൽഹി: പ്രതിപക്ഷ ഐക്യം ഉണ്ടായാല്‍ ബിജെപി വെറും 50 സീറ്റിലേക്ക് ചുരുങ്ങുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024 ല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് മൽസരിക്കുകയാണെങ്കില്‍ ബിജെപിക്ക് വെറും 50 സീറ്റ് മാത്രമേ കിട്ടുള്ളൂ. താന്‍ അതിനുള്ള ശ്രമത്തിലാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
പട്നയില്‍ നടന്ന ജെഡിയുവിന്റെ എക്സിക്യൂട്ടീവ് യോഗത്തിലാണ് പ്രതിപക്ഷ ഐക്യത്തിനായി ആഹ്വാനം ചെയ്തത്. പ്രതിപക്ഷ ഐക്യത്തിനായി നിതീഷ് കുമാറിനെ ചുമതലപ്പെടുത്തുക, രാജ്യത്ത് ബിജെപി ഭരണത്തില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ' യുണ്ടെന്നുമുള്ള രണ്ട് പ്രമേയങ്ങളും യോഗത്തില്‍ പാസാക്കി.
പ്രതിപക്ഷ ഐക്യത്തിനായി മറ്റു പാര്‍ട്ടികളിലെ പ്രധാന നേതാക്കളെ ഡല്‍ഹിയിലെത്തി നേരിട്ട് കാണുമെന്ന് അദ്ദേഹം നേരത്തെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസത്തെ നസന്ദര്‍ശനത്തിനായി തിങ്കളാഴ്ച നിതീഷ് ഡല്‍ഹിയിലെത്തിയേക്കുമെന്നാണ് സൂചന.
മണിപ്പൂരില്‍ ജെഡിയുവില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന അഞ്ചു എംഎല്‍എമാര്‍ തന്നെ വന്നു കണ്ടിരുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎയെ പാര്‍ട്ടി ഉപേക്ഷിച്ചതില്‍ അവര്‍ക്കു സന്തോഷമുണ്ടെന്ന് അറിയിച്ചതായും നിതീഷ് കുമാര്‍ പറഞ്ഞു.