ഡല്‍ഹി വംശഹത്യാ അതിക്രമക്കേസ്; വയോധികയുടെ വീട് കത്തിച്ച കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി, 22ന് ശിക്ഷ വിധിക്കും
നിയമവിരുദ്ധമായ സംഘം ചേരല്‍, കലാപം, തീവെപ്പ്, വീട്ടില്‍ അതിക്രമിച്ച് കയറല്‍, കവര്‍ച്ച എന്നിവയുടെ ഭാഗമായിരുന്ന ദിനേശ് യാദവ് കുറ്റക്കാരനാണെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദര്‍ ഭട്ടാണ് വിധിച്ചത്.
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഫെബ്രുവരില്‍ രാജ്യതലസ്ഥാനത്ത് മുസ്‌ലിംകള്‍ക്കെതിരേ നടന്ന വംശഹത്യാ അതിക്രമത്തിനിടെ വീട് കത്തിച്ച അക്രമി സംഘത്തിന്റെ ഭാഗമായ ഒരാള്‍ കുറ്റക്കാരനാണെന്ന് വിധിച്ച് ഡല്‍ഹി കോടതി. നിയമവിരുദ്ധമായ സംഘം ചേരല്‍, കലാപം, തീവെപ്പ്, വീട്ടില്‍ അതിക്രമിച്ച് കയറല്‍, കവര്‍ച്ച എന്നിവയുടെ ഭാഗമായിരുന്ന ദിനേശ് യാദവ് കുറ്റക്കാരനാണെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വീരേന്ദര്‍ ഭട്ടാണ് വിധിച്ചത്.
സെക്ഷന്‍ 143 (നിയമവിരുദ്ധമായ സംഘം ചേരല്‍), 147 (കലാപം നടത്തല്‍), 148 (മാരകായുധങ്ങളുമായി കലാപം നടത്തല്‍), 457 (വീട്ടില്‍ അതിക്രമിച്ച് കടയ്ക്കല്‍) 392 (കവര്‍ച്ച), 436 (തീയിട്ട് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി ശിക്ഷാര്‍ഹനാണെന്ന് കോടതി കണ്ടെത്തി. കൂടാതെ ഐപിസിയുടെ സെക്ഷന്‍ 149 പ്രകാരവും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടുണ്ട്. ഈ മാസം 22ന് ശിക്ഷ വിധിക്കും.
പരമാവധി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. വടക്ക് കിഴക്കന്‍ കലാപ കേസുകളില്‍ ഇന്ന് ആദ്യ ശിക്ഷാവിധി പുറപ്പെടുവിച്ചുവെന്നത് പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വടക്കുകിഴക്കന്‍ ജില്ല ഡിസിപി സഞ്ജയ് കുമാര്‍ സെയ്ന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രോസിക്യൂഷന്‍ പറയുന്നതനുസരിച്ച്, കലാപകാരികളായ ജനക്കൂട്ടത്തിലെ സജീവ അംഗമായിരുന്നു യാദവ്. ഫെബ്രുവരി 25ന് രാത്രി മനോരി എന്ന 73 കാരിയുടെ വീട് നശിപ്പിക്കുന്നതിലും തീയിടുന്നതിലും ഇയാള്‍ക്ക് സജീവ പങ്കാളിത്തമുണ്ടായിരുന്നു. 150-200 ഓളം വരുന്ന കലാപകാരികള്‍ തന്റെ കുടുംബം ഇല്ലാതിരുന്ന സമയത്ത് തന്റെ വീട് ആക്രമിക്കുകയും പോത്ത് ഉള്‍പ്പെടെ എല്ലാ സാധനങ്ങളും കൊള്ളയടിക്കുകയും ചെയ്‌തെന്നാണ് കേസ്.
25 കാരനായ യാദവിനെ 2020 ജൂണ്‍ 8നാണ് അറസ്റ്റ് ചെയ്തത്. 2021 ഓഗസ്റ്റ് 3ന് കോടതി ഇയാള്‍ക്കെതിരെ കുറ്റം ചുമത്തി. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഇയാള്‍ വിചാരണ ആവശ്യപ്പെടുകയായിരുന്നു.
ജൂലൈയില്‍, മറ്റൊരു ജഡ്ജി ഡല്‍ഹി കലാപക്കേസിലെ ആദ്യ വിധി പ്രസ്താവിച്ചിരുന്നു. കലാപം, കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഒരാളെ വെറുതെവിട്ടുകൊണ്ടുള്ളതായിരുന്നു വിധി. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2020 ഫെബ്രുവരിയിലാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ കലാപം അഴിച്ചുവിട്ടത്. ആക്രമണങ്ങളില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.