സാക്കിര്‍ നായിക്കിനെ തിരിച്ചയക്കാന്‍ മോദി ആവശ്യപ്പെട്ടിട്ടില്ല: മലേസ്യന്‍ പ്രധാനമന്ത്രി
മഹാതീറുമായുള്ള കൂടിക്കാഴ്ചയില്‍ സാക്കിര്‍ നായിക്കിനെ കൈമാറുന്ന വിഷയം പ്രധാനമന്ത്രി മോദി ഉന്നയിച്ചതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പ്രധാന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടാന്‍ തീരുമാനിച്ചിരുന്നതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം നുണയാണെന്നാണ് മലേസ്യന്‍ പ്രധാനമന്ത്രിയുടെ വാദത്തിലൂടെ വ്യക്തമാവുന്നത്.
ന്യൂഡല്‍ഹി: ഇസ് ലാമിക മതപ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കിനെ തിരിച്ചയയ്ക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേസ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. സപ്തംബര്‍ അഞ്ചിനു റഷ്യയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ആദ്യമായാണ് മഹാതീര്‍ വിഷയത്തില്‍ മോദി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയത്. നേരത്തേ, റഷ്യയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ മോദി സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന റിപോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. നിരവധി രാഷ്ട്രങ്ങള്‍ അദ്ദേഹത്തെ(സാക്കിര്‍ നായിക്) ആവശ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ പ്രധാനമന്ത്രി മോദിയെ കണ്ടിരുന്നു. പക്ഷേ, അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. സാകിര്‍ ഇന്ത്യയ്ക്ക് ബുദ്ധിമുട്ടായിരിക്കാമെന്നും പ്രാദേശിക മാധ്യമത്തോട് മഹാതീര്‍ മുഹമ്മദ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. മലേസ്യന്‍ ഹിന്ദുക്കള്‍ക്കെതിരേ വംശീയപരാമര്‍ശം നടത്തിയ ശേഷം ഞങ്ങള്‍ അദ്ദേഹത്തെ അയക്കാന്‍ ഒരു സ്ഥലം തേടുകയാണ്. എന്നാല്‍ ആരും അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറം മീറ്റില്‍ പ്രധാനമന്ത്രി മോദി റഷ്യയില്‍ വച്ച് മലേസ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിനെ സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് പ്രസ്താവന. മഹാതീറുമായുള്ള കൂടിക്കാഴ്ചയില്‍ സാക്കിര്‍ നായിക്കിനെ കൈമാറുന്ന വിഷയം പ്രധാനമന്ത്രി മോദി ഉന്നയിച്ചതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പ്രധാന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടാന്‍ തീരുമാനിച്ചിരുന്നതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം നുണയാണെന്നാണ് മലേസ്യന്‍ പ്രധാനമന്ത്രിയുടെ വാദത്തിലൂടെ വ്യക്തമാവുന്നത്.
53കാരനായ ഡോ. സാകിര്‍ നായിക്കിനെതിരേ വിദ്വേഷപ്രസംഗത്തിനു കേസെടുത്തതിനെ തുടര്‍ന്ന് 2016ലാണ് അദ്ദേഹം ഇന്ത്യയില്‍ നിന്നു മുസ് ലിം ഭൂരിപക്ഷ പ്രദേശമായ മലേസ്യയിലേക്കു പോയത്. വിദ്വേഷ പ്രസംഗം നടത്തിയെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കള്ളപ്പണം വെളുപ്പിച്ചെന്നുമാണ് ആരോപണം. സാക്കിര്‍ നായികിനെതിരേ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും അദ്ദേഹം പങ്കാളിയായ ഇസ് ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍(ഐആര്‍എഫ്) നിരോധിക്കുകയും പീസ് ടിവിയുടെയും മറ്റും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. 2016 ജൂലൈയില്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയില്‍ നടന്ന ബോംബ് സ്‌ഫോടനക്കേസിലെ പ്രതി സാക്കിര്‍ നായിക്കിനെ സാമൂഹിക മാധ്യമങ്ങളില്‍ പിന്തുടര്‍ന്നിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങളാണ് ആക്രമണത്തിനു പ്രചോദനമായതെന്നും ബംഗ്ലാദേശിലെ ഒരു മാധ്യമം റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, തൊട്ടുടനെ തന്നെ തങ്ങള്‍ക്കു തെറ്റുപറ്റിയതാണെന്ന് വാര്‍ത്താമാധ്യമം തിരുത്തിയെങ്കിലും ബിജെപി നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ നിയമനടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. ഏറ്റവുമൊടുവില്‍ മലേസ്യന്‍ സര്‍ക്കാര്‍ ഡോ. സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്കു വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും മലേസ്യയില്‍ പ്രസംഗത്തിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആഗസ്ത് എട്ടിനു നടത്തിയ പ്രസംഗത്തില്‍ മലേസ്യന്‍ ഹിന്ദുക്കളെയും ചൈനക്കാരെയും ലക്ഷ്യമിട്ട് വംശീയ പ്രസംഗം നടത്തിയെന്ന ആരോപണത്തിനു ശേഷമാണ് പ്രസംഗ വിലക്ക് ഏര്‍പ്പെടുത്തിയത്. സാക്കിര്‍ നായിക്കിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഇതിനുശേഷം മലേസ്യന്‍ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും റിപോര്‍ട്ടുകളണ്ട്.