നീതി ലഭ്യമാക്കല്‍: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പിന്നില്‍; ഏറ്റവും മോശം യുപി
ന്യൂഡല്‍ഹി: നീതി ലഭ്യമാക്കുന്നതില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മറ്റുള്ളവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ പിന്നിലെന്ന് റിപോര്‍ട്ട്. ഇന്ത്യന്‍ ജസ്റ്റിസ് റിപോര്‍ട്ട് (ഐജെആര്‍) 2020 ലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് റാങ്കില്‍ മുന്നിലുള്ളത്. ബിജെപി ഇതരര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ്, കേരളം എന്നിവയാണ് പട്ടികയില്‍ മുന്നിലുള്ളത്. ബാജിപെ തങ്ങളുടെ മാതൃകാ സംസ്ഥാനമായി വിശേഷിപ്പിക്കുന്ന ഗുജറാത്ത് 18 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ബിജെപി ഇതരര്‍ ഭരിക്കുന്ന പശ്ചിമ ബംഗാളിലെയും ഒഡീസയിലെയും സര്‍ക്കാരുകള്‍ ഐജെആറിന്റെ കണ്ടെത്തലുകളില്‍ നിന്ന് പിന്മാറിയിരുന്നു.
ബിജെപി ഭരിക്കാത്ത മൂന്ന് സംസ്ഥാനങ്ങളായ ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നിവ 2019 ലെ നീതി ലഭ്യതാ സംവിധാനങ്ങളുടെ റാങ്കിങിനെക്കാള്‍ മികച്ചതാണ്. എന്നാല്‍ ബിജെപി ഭരിക്കുന്ന മറ്റ് മൂന്ന് സംസ്ഥാനങ്ങളായ മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന എന്നിവ 2019ലെ റാങ്കിങില്‍ നിന്ന് പിന്നോട്ടുപോയതായി പഠനം വ്യക്തമാക്കുന്നു. ഏറ്റവും മോശം പ്രകടനം ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പോലിസ്, ജുഡീഷ്യറി, ജയിലുകള്‍, നിയമസഹായം എന്നിവയെ കുറിച്ചാണ് പഠനം നടത്തിയിട്ടുള്ളത്. സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, കോമണ്‍ കോസ്, കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ്, ഡിഎകെഎസ്എച്ച്, ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്-പയാസ്, വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി, ഹൗ ഇന്ത്യ ലൈവ്‌സ് എന്നിവയുമായി സഹകരിച്ചാണ് റിപോര്‍ട്ട് പുറത്തിറക്കിയത്.
ഒരു കോടിയിലധികം ജനസംഖ്യയുള്ള 7 ചെറുകിട സംസ്ഥാനങ്ങളിലെയും 18 വലിയ, ഇടത്തരം സംസ്ഥാനങ്ങളിലെയും ബജറ്റുകള്‍, മാനവ വിഭവശേഷി, അടിസ്ഥാന സൗകര്യങ്ങള്‍, ജോലിഭാരം, പോലിസ്, ജുഡീഷ്യറി, ജയിലുകള്‍, നിയമസഹായം തുടങ്ങിയവയുടെ അളവുകള്‍ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയ്യാറാക്കിയത്. ഏഴു കേന്ദ്രഭരണ പ്രദേശങ്ങളുടെ വിവരങ്ങളും നല്‍കിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ജുഡീഷ്യറിയുടെയും പൊതുവായി ലഭ്യമായ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. പൗരന്‍മാര്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ റിപോര്‍ട്ട് ആരോഗ്യകരമായ മല്‍സരം വളര്‍ത്തിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിട്ട. ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ ആമുഖത്തില്‍ വ്യക്തമാക്കി.
India Justice Report finds that non-BJP-ruled States have better justice delivery