ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 415 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 115 പേരും രോഗമുക്തി നേടി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 108 പേര്‍ക്കാണ് ഇവിടെ ഒമിക്രോണ്‍ ബാധിച്ചത്. തൊട്ടു പിറകേയുള്ള ഡല്‍ഹിയില്‍ 79 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്ത്-43, തെലങ്കാന-38, കേരളം-37, തമിഴ്‌നാട്-34, കര്‍ണാടക-31 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 7,189 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 3,47,79,815 ആയി ഉയര്‍ന്നു. അതേസമയം സജീവ കേസുകള്‍ 77,032 ആയി കുറഞ്ഞു.
387 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,79,520 ആയി ഉയര്‍ന്നു.
342 മരണങ്ങളില്‍ 31 എണ്ണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേഖപ്പെടുത്തുകയും 311 എണ്ണം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ അപ്പീലുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കൊവിഡ്19 മരണങ്ങളായി നിയോഗിക്കപ്പെട്ടതെന്ന് കേരളത്തിലെ ആരോഗ്യ വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു.