ജനഹിതം 2021: പദ്മജയും പി ബാലചന്ദ്രനും ഒപ്പത്തിനൊപ്പം; ചെറിയൊരു ചാഞ്ചാട്ടം തൃശൂരില്‍ ജയം നിശ്ചയിക്കും
പ്രചാരണ രീതികള്‍ അടിമുടി മാറ്റിയാണ് പി ബാലചന്ദ്രന്‍ മണ്ഡലത്തില്‍ സജീവമാകുന്നത്. ജനപ്രിയനായ മന്ത്രി സുനില്‍കുമാറിനെ മുന്നില്‍ നിര്‍ത്തിയുള്ള ബാലചന്ദ്രന്റെ കാംപയിന്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം തന്നെ നല്‍കിയിട്ടുണ്ട്. എന്നാല്‍, സുനില്‍കുമാര്‍ മല്‍സര രംഗത്ത് ഇല്ലാത്തത് പദ്മജക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
തൃശൂര്‍: സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂര്‍. സീറ്റ് തിരിച്ചുപിടിക്കാന്‍ ലീഡറുടെ മകള്‍ പദ്മജ വേണുഗോപാലും മന്ത്രി സുനില്‍കുമാറിന്റെ വിജയം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ബാലചന്ദ്രനും രംഗത്തിറങ്ങിയതോടെ ശക്തന്റെ തട്ടകത്തില്‍ തിരഞ്ഞെടുപ്പ് രംഗം സജീവമായി. 1991 മുതല്‍ 2016 വരെ കാല്‍നൂറ്റാണ് കാലം തേറമ്പില്‍ രാമകൃഷ്ണന്‍ കുത്തകയാക്കി വച്ചിരുന്ന സീറ്റാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് സുനില്‍ കുമാര്‍ പിടിച്ചെടുത്തത്. ജില്ലയില്‍ തന്നെ എല്ലായിടത്തും ജനകീയനായ മന്ത്രി സുനില്‍കുമാര്‍ തൃശൂര്‍ ഇടതുപക്ഷത്തിന് അനുകൂലമാക്കി മാറ്റി. ഈ സാഹചര്യം മുതലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് പി ബാലചന്ദ്രന്‍.
ബാലചന്ദ്രനും പദ്മജയും ഓരോ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് പരാജയപ്പെട്ടവരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സുനില്‍കുമാറിനോട് തോറ്റ പദ്മജയല്ല ഇപ്പോള്‍ കളത്തിലുള്ളത്. കഴിഞ്ഞ തവണ മത്സരിക്കാനായി മാത്രം തൃശൂരിലെത്തി എന്ന ദുഷ്‌പേര് മാറ്റിയാണ് പദ്മജയുടെ വരവ്. കഴിഞ്ഞ അഞ്ചു കൊല്ലവും കോണ്‍ഗ്രസിന്റെ പരിപാടികളില്‍ നിറഞ്ഞു നിന്നാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. അപ്പോള്‍ കിട്ടാതെ പോയ 'ലീഡറുടെ മകള്‍' എന്ന വികാരം ഇക്കുറി ഉറപ്പിക്കാന്‍ പദ്മജക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രചാരണ രീതികള്‍ അടിമുടി മാറ്റിയാണ് പി ബാലചന്ദ്രന്‍ മണ്ഡലത്തില്‍ സജീവമാകുന്നത്. ജനപ്രിയനായ മന്ത്രി സുനില്‍കുമാറിനെ മുന്നില്‍ നിര്‍ത്തിയുള്ള ബാലചന്ദ്രന്റെ കാംപയിന്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം തന്നെ നല്‍കിയിട്ടുണ്ട്. എന്നാല്‍, സുനില്‍കുമാര്‍ മല്‍സര രംഗത്ത് ഇല്ലാത്തത് പദ്മജക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ പിടിക്കുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുരേഷ് ഗോപിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സുരേഷ് ഗോപിയുടെ വരവ് തങ്ങള്‍ക്ക് ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് ഇരുകക്ഷികളും. ബിജെപി യുഡിഎഫ് വോട്ടുകളാണ് പിടിക്കുകയെന്ന് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍, സുരേഷ് ഗോപി ശബരിമല വിഷയം പ്രചാരണ ആയുധമാക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് പദ്മജ. ശബരിമല വിഷയമാണ് ഇളക്കിവിടുന്നതെങ്കില്‍ അത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്ന പോലെ യുഡിഎഫിന് അനുകൂലമാവാനാണ് സാധ്യത. തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട പ്രചാരണം അവസാനിക്കുമ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും തുല്യബലമാണ് തൃശൂരില്‍ ഉള്ളത്. അതു കൊണ്ട് തന്നെ ചെറിയൊരു ചാഞ്ചാട്ടം ജയപരാജയങ്ങള്‍ നിശ്ചയിക്കും.