ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനും ഫീസ് വര്‍ധനവിനുമെതിരേ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനു നേരെ ആക്രമണം നടത്തിയപ്പോള്‍ മുഖംമൂടി ധരിച്ചെത്തിയത് എബിവിപി പ്രവര്‍ത്തകയെന്നു സ്ഥിരീകരണം. ഇന്ത്യാ ടുഡേ ടിവി പുറത്തുവിട്ട ഒളികാമറ ദൃശ്യങ്ങളിലാണ് എബിവിപി പ്രവര്‍ത്തകയും ജെഎന്‍യുവിലെ ദൗലത് റാം കോളജ് വിദ്യാര്‍ഥിനിയുമായ കോമള്‍ ശര്‍മയുടെ ആക്രമണത്തിലെ പങ്ക് വെളിപ്പെടുത്തി എബിവിപി നേതാക്കള്‍ തന്നെ രംഗത്തെത്തിയത്. ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് ഒരുസംഘം എബിവിപി പ്രവര്‍ത്തകരും പുറത്തുനിന്നെത്തിയവരും ആയുധങ്ങളുമായെത്തി ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ടത്. ഇതില്‍ മുഖംമറച്ച് നില്‍ക്കുന്ന യുവതിയുടെ ചിത്രം ഏറെ പ്രചരിച്ചിരുന്നു. ഈ ചിത്രത്തിലുള്ളത് കോമള്‍ ശര്‍മയാണെന്നു അന്നുതന്നെ ചിലര്‍ വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മുതിര്‍ന്ന നേതാക്കള്‍ കോമള്‍ ശര്‍മയുടെ പ്രവൃത്തികളെ സ്ഥിരീകരിച്ചത്. ഒരു ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ തന്റെ പേര് വെളിപ്പെടുത്തരുതെന്ന് കോമള്‍ ശര്‍മ നേതാക്കളോട് അപേക്ഷിക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യാ ടുഡേ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒളികാമറയില്‍, തങ്ങളാണ് ജെഎന്‍യുവില്‍ ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയ എബിവിപി പ്രവര്‍ത്തകന്‍ അക്ഷത് അവസ്തിയും കോമള്‍ ശര്‍മയുടെ പങ്കാളിത്തം വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവസമയം കോമള്‍ ശര്‍മ മെസ്സിലായിരുന്നു. സബര്‍മതി ഹോസ്റ്റലില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ, കോമള്‍ ശര്‍മ രഹസ്യമായി മെസ്സില്‍ കയറി. ഞാന്‍ മെസ്സില്‍ പ്രവേശിച്ചപ്പോള്‍ കോമളിന് പേടിയിരുന്നു. ഞാന്‍ ഇടതുപക്ഷക്കാരനാണെന്നാണ് അവള്‍ കരുതിയത്. ഞാന്‍ നിങ്ങളുടെ ആളാണെന്ന് അവളോട് പറഞ്ഞുവെന്നും അക്ഷത് അവസ്തി പറഞ്ഞു.
ജെഎന്‍യു ആക്രമണസമയം കോമള്‍ ശര്‍മ മുഖം മറച്ച് കള്ളി ഷര്‍ട്ടാണ് ധരിച്ചിരുന്നത്. കൈയില്‍ വടിയും മറ്റുമേന്തിയ മറ്റു ആക്രമണകാരികള്‍ക്കൊപ്പവും കോമള്‍ നില്‍ക്കുന്നുണ്ടായിരുന്നു. തന്റെ ഫേസ്ബുക്കിലും താനൊരു എബിവിപി പ്രവര്‍ത്തകയാണെന്നു വ്യക്തമാക്കിയ കോമള്‍ ശര്‍മ, പക്ഷേ സംഭവം പുറത്തായതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. എന്നാല്‍, സാറ വഷിഷ്ഠ് എന്ന പേരില്‍ കോമള്‍ ഫേസ്ബുക്കും ട്വിറ്ററും ഉപയോഗിക്കുന്നതായും ഇന്ത്യാ ടുഡേ സംഘം കണ്ടെത്തിയിട്ടുണ്ട്. കോമളിന്റെ കോളജിലെ സഹപാഠിയെ ബന്ധപ്പെട്ടാണ് സംഘം ഇത് സ്ഥിരീകരിച്ചിട്ടുള്ളത്.