താനൂര്‍ ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതി രൂപീകരിക്കും
ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടത്തുന്നത്.
തിരൂര്‍: താനൂര്‍ ബോട്ടപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. താനൂരില്‍ സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ നടുക്കിയ വലിയ ദുരന്തമാണ് താനൂരില്‍ നടന്നത്. 22 പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ചുപേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു. അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനാണ് തീരുമാനിച്ചത്. ബോട്ടുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സാങ്കേതികവിദഗ്ദരെ ഉള്‍പ്പെടുത്തിയാണ് കമ്മീഷന്‍ രൂപീകരിക്കുക. ഇതോടൊപ്പം അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണവും നടത്തും. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടത്തുന്നത്.
സംസ്ഥാനത്ത് ഇതിനുമുമ്പുണ്ടായ ദുരന്തങ്ങളുടെ ഘട്ടത്തിലൊക്കെ അതുമായി ബന്ധപ്പെട്ടുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പരിശോധനകള്‍ നടന്നിരുന്നു. ആ പരിശോധനകളുടെ ഭാഗമായി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നത് ഗൗരവമായി കാണേണ്ടതായിരുന്നു. ഇത്തരമൊരു സംഭവം ഇനിയും ഉണ്ടാകാതിരിക്കാനാവശ്യമായ കരുതല്‍ നമ്മള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശ്വസിപ്പിക്കാവുന്ന നഷ്ടമല്ല ഈ കുടുംബങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളതെന്നും, ഈ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും പിണറായി വിജയന്‍ പറഞ്ഞു.
സര്‍വ്വകക്ഷി യോഗത്തില്‍ മന്ത്രി വി അബ്ദുറഹിമാന്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, റോഷി അഗസ്റ്റിന്‍, ആന്റണിരാജു, കെ കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, വി അബ്ദുറഹിമാന്‍, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, എംഎല്‍എമാരായ ഡോ.കെ ടി ജലീല്‍, പി നന്ദകുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി, പി അബ്ദുള്‍ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സെക്രട്ടറി പിഎംഎ സലാം, സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, കൂട്ടായി ബഷീര്‍, ഇ ജയന്‍, ചീഫ് സെക്രട്ടറി ഡോ.വി പി ജോയ്, ഡിജിപി അനില്‍കാന്ത് എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ മറ്റു മന്ത്രി മാരും എം എല്‍ എ മാരും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.
താനൂര്‍ ബോട്ടപകടവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതിപക്ഷ എംഎല്‍എമാരും, മുസ്ലിംലീഗ് നേതാക്കളും പങ്കെടുത്തു. എല്ലാവരുടെയും ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമാശ്വാസ തീരുമാനങ്ങളെടുത്തതെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു.ഒട്ടേറെ നിയമലംഘനം ഉണ്ടായിട്ടുണ്ട്. അത് ഇനിയും ആവര്‍ത്തിക്കാതിരിക്കാനും, സുരക്ഷിത യാത്രയ്ക്കും ജുഡീഷ്യല്‍ അന്വേഷണമാണ് നല്ലതെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.