Exclusive: സംഘപരിവാർ ചാനലിനെ കൂട്ടുപിടിച്ച് വിദ്യാർഥികളെ കാവിവൽകരിക്കാൻ ജൂനിയർ റെഡ് ക്രോസ്
റെഡ് ക്രോസ് കേരളയുടെ ചെയർമാൻ രഞ്ജിത്ത് കാർത്തികേയൻ ആർഎസ്എസ് സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന സംയോജക് ആണ്.
കോഴിക്കോട്: സംഘപരിവാർ ഓൺലൈൻ ചാനലിനെ കൂട്ടുപിടിച്ച് വിദ്യാർഥികളെ കാവിവൽകരിക്കാൻ ജൂനിയർ റെഡ് ക്രോസ് ശ്രമം. ലൈഫ് ലെസൺസ് എന്ന പേരിൽ സംഘപരിവാർ ചാനലായ തത്വമയി ന്യൂസുമായി ചേർന്നാണ് ജൂനിയർ റെഡ്ക്രോസ് ഇത്തരമൊരു പഠന പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് വിവിധ ജില്ലകളിലെ ജെആർസി കോർഡിനേറ്റർമാരിൽ നിന്ന് ഉയർന്നിരിക്കുന്നത്.
സ്കൂൾ കുട്ടികളിൽ സാമൂഹികാവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് റെഡ് ക്രോസ് കേരള വോളന്റിയർ സംഘടനയായ ജൂനിയർ റെഡ് ക്രോസ് സ്ഥാപിക്കുകയും കേരളത്തിനകത്തെ നിരവധി സർക്കാർ-എയ്ഡഡ്-അൺഎയ്ഡഡ് സ്കൂളുകളിൽ പ്രവർത്തിച്ചുവരികയുമാണ്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി റെഡ് ക്രോസ് കേരളയുടെ തലപ്പത്ത് സംഘപരിവാർ പ്രവർത്തകരാണ്.
ജൂനിയർ റെഡ് ക്രോസ് വോളന്റിയർ സംഘടനയാണെന്നും ഇതിന്റെ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് റെഡ് ക്രോസ് കേരളയുടെ സംസ്ഥാന ഘടകമാണെന്നും ജെആർസി സ്റ്റേറ്റ് കോർഡിനേറ്റർ ജ്യോതിഷ് നായർ തേജസ് ന്യൂസിനോട് പറഞ്ഞു. തത്വമയി ന്യൂസുമായി ചേർന്നുള്ള ലൈഫ് ലെസൺ എന്ന പഠന പരമ്പരയ്ക്കെതിരേ പരാതികൾ ഉയർന്നിട്ടുണ്ട്. രേഖാമൂലം പരാതികൾ ലഭിച്ചിട്ടുണ്ട്. പരാതികൾ ചെയർമാന് നൽകിയിട്ടുണ്ടെങ്കിലും തീരുമാനം ഒന്നും അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
റെഡ് ക്രോസ് കേരളയുടെ ചെയർമാൻ രഞ്ജിത്ത് കാർത്തികേയൻ ആർഎസ്എസ് സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന സംയോജക് ആണ്. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് സ്വാതന്ത്ര്യ സമര പോരാളികളുടെ പോസ്റ്ററിൽ വി ഡി സവർക്കറെ ഉൾപ്പെടുത്തിയതിനെ പ്രകീർത്തിച്ചും, നെഹ്റുവിനെ ഒഴിവാക്കിയതിനെ പരിഹസിച്ചും കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം തത്വമയി ന്യൂസിൽ അവതാരക വേഷത്തിലും ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തത്വമയി ന്യൂസ് സംഘപരിവാർ അനുകൂല നുണപ്രചാരണം നടത്തുന്ന ചാനലാണെന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. ഈ ചാനലുമായി ചേർന്ന് നടത്തുന്ന വിദ്യാർഥികളെ കാവിവൽകരിക്കാനുള്ള നീക്കം ഗൂഡാലോചനയുടെ ഭാഗമാണെന്ന ആക്ഷേപം ജെആർസി കൗൺസിലർമാരിൽ നിന്ന് വ്യാപകമായി ഉയരുന്നുണ്ട്.