കാസര്‍കോട് മുഹമ്മദ് ഹാജി വധം: നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി

Update: 2024-08-24 07:33 GMT

കാസര്‍കോട്: കാസര്‍കോട് അടുക്കത്ത് ബയല്‍ സി എ മുഹമ്മദ് ഹാജി വധക്കേസില്‍ പ്രതികളായ നാല് ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി. സന്തു, കിഷോര്‍, അജിത്ത്, ശിവപ്രസാദ് എന്നിവരെയാണ് കാസര്‍കോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്. കേസില്‍ മൂന്നുപേരെ തെളിവിന്റെ അഭാവത്തില്‍ വെറുതെവിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി (രണ്ട്) കെ പ്രിയ ഉച്ചയ്ക്കു ശേഷം വിധിക്കും.

    2008 ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം. വെള്ളിയാഴ്ച്ച ജുമുഅയ്ക്ക് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോവുന്നതിനിടെയാണ് അടുക്കത്ത്ബയല്‍ ബിലാല്‍ മസ്ജിദിനു സമീപത്തെ സി എ മുഹമ്മദ് ഹാജി(56)യെ ഒരുസംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. ഇപ്പോഴത്തെ കാസര്‍കോട് അഡീഷനല്‍ എസ്പിയാ അന്നത്തെ വെള്ളരിക്കുണ്ട് പോലിസ് ഇന്‍സ്‌പെക്ടര്‍ പി ബാലകൃഷ്ണന്‍ നായരാണ് കേസന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപാതകം നടത്തിയത്.

    2008 ഏപ്രില്‍ മാസത്തില്‍ നടന്ന കൊലപാതക പരമ്പരയില്‍പെട്ട കേസാണിത്. 2008 ഏപ്രില്‍ 14ന് സന്ദീപ് എന്ന യുവാവ് കുത്തേറ്റു മരിച്ചതിനു പിന്നാലെ മൂന്നു കൊലപാതകങ്ങളാണ് കാസര്‍കോട്ട് അരങ്ങേറിയത്. സന്ദീപ് കൊലക്കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടെത്തി നേരത്തേ വെറുതെ വിട്ടിരുന്നു. സന്ദീപിനു പിന്നാലെ 2008 ഏപ്രില്‍ 16ന് നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മുഹമ്മദ് സിനാന്‍ ആനബാഗിലു ദേശീയ പാതയിലെ അണ്ടര്‍ ബ്രിഡ്ജിനു സമീപത്തു കുത്തേറ്റു മരിച്ചു. ഒരു സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലെ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. സിനാന്‍ കൊലക്കേസിനു പിന്നാലെയാണ് അഭിഭാഷകനായ പി സുഹാസ് കുത്തേറ്റ് മരിച്ചത്. ഈ കേസ് തലശ്ശേരി സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. സി എ മുഹമ്മദ് ഹാജി കൊലക്കേസില്‍ അഡ്വ. സി കെ ശ്രീധരനാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കോടതിയില്‍ ഹാജരായത്.

Tags:    

Similar News