കശ്മീരിൽ മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് 162 പേർ

Update: 2019-05-05 10:15 GMT

കശ്മീര്‍: ജമ്മുകശ്മീരില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്നുമാസം കൊല്ലപ്പെട്ടത് 162 പേരെന്ന് റിപോര്‍ട്ട്. ജമ്മുകശ്മീര്‍ സിവില്‍ സൊസൈറ്റി സഖ്യം (ജെകെസിസിഎസ്) പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാധാരണ പൗരന്മാരും, സായുധ പ്രവര്‍ത്തകരും, സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന കണക്കാണ് ജെകെസിസിഎസ് പുറത്ത് വിട്ടത്.

പത്തുവര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട 2018ല്‍ (586 കൊലപാതകങ്ങള്‍) പോലും ആദ്യമൂന്നു മാസങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 119 മാത്രമാണ്. എന്നാല്‍ ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 162 പേരാണ്. കശ്മീര്‍ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കു നീങ്ങുന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്നു റിപോര്‍ട്ടു വ്യക്തമാക്കുന്നു.


പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ സാധരണക്കാരുടെയും സായുധ പ്രവര്‍ത്തകരുടെയും കൊലപാതകങ്ങള്‍ കുത്തനെ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

1980കളുടെ അന്ത്യത്തിലാണ് കശ്മീരില്‍ സായുധപ്രവര്‍ത്തകര്‍ പ്രവര്‍ത്തനം സജീവമാക്കുന്നത്. ഇരുപത്തിയൊന്ന് വര്‍ഷത്തെ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതാദ്യമായാണ് ജമ്മുകശ്മീരില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ പട്ടാളക്കാരുടെ എണ്ണം സായുധപ്രവര്‍ത്തകരേക്കാള്‍ കൂടുതലാവുന്നത്. 162 പേര്‍ കൊല്ലപ്പെട്ടതില്‍ 21 പേര്‍ സാധാരണക്കാരും 58 സായുധ പ്രവര്‍ത്തകരും 83 സൈനികരും ഉള്‍പ്പെടും. സൈന്യം, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, പോലിസുകാര്‍ എന്നിവരുള്‍പ്പെടെയുള്ള സുരക്ഷാ സേനാംഗങ്ങളാണ് കൊല്ലപ്പെട്ടവര്‍.

കശ്മീരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം

മാസം

സാധാരണക്കാർ 

സായുധർ

സൈനികർ 

ആകെ

ജനുവരി 

02

 17

08 

27

ഫെബ്രുവരി

05

 22

60 

87

മാർച്ച്

14 

19

15

 48

ആകെ

21

58

83

162

കൊല്ലപ്പെട്ട 21 സാധാരണക്കാരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഹാജന്‍ ബന്ദിപ്പോരയിലെ പന്ത്രണ്ട് വയസുകാരനായ ആതിഫ് മിറിനെ,

തന്റെ വീട്ടില്‍ സായുധ പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യം നല്‍കിയെന്നാരോപിച്ചാണ് സൈന്യം കൊലപ്പെടുത്തിയത്. സായുധ പ്രവര്‍ത്തകരെ നേരിടാന്‍ സൈന്യം വീടിന് നേരെ നടത്തിയ സ്‌ഫോടനത്തിലാണ് ആതിഫ് കൊല്ലപ്പെട്ടതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

2019ന്റെ ആദ്യ മൂന്നു മാസത്തില്‍, സായുധ പ്രവര്‍ത്തകര്‍ക്കായി സുരക്ഷാസേന 89 തിരച്ചിലുകളാണ് ജമ്മുകശ്മീരില്‍ നടത്തിയത്. ഇവയില്‍ ഭൂരിഭാഗവും കശ്മീര്‍, പുല്‍വാമ, ഷോപിയാന്‍, അനന്ത്‌നാഗ്, കുല്‍ഗാം എന്നീ നാലു തെക്കന്‍ കശ്മീര്‍ ജില്ലകളിലാണ്. 23 തവണ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കെതിരേ 42 ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. 25 പേരെ പൊതുസുരക്ഷാ നിയമം ചുമത്തി തടവിലിടുകയും ചെയ്തതായി ജെകെസിസിഎസിന്റെ മനുഷ്യാവകാശ അവലോകന റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷാ സേനയുടെ 89 തിരച്ചിലുകളുടെ കണക്കുകള്‍ പ്രകാരം കുറഞ്ഞത് 58 സായുധരും മൂന്നു സാധാരണക്കാരും കൊല്ലപ്പെട്ടു. 18 പേരുടെ സ്വത്തുക്കളും സമ്പാദ്യവും തീര്‍ത്തും ഇല്ലാതായി. 18 സംഭവത്തില്‍ 15 എണ്ണവും വീടുകളായിരുന്നു നഷ്ടപ്പെട്ടത്.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് കശ്മീരില്‍ നിന്ന് പുറത്ത് വരുന്നത്. പൊതുതിരഞ്ഞെടുപ്പില്‍ കശ്മീരും പുല്‍വാമ ആക്രമണവും ചര്‍ച്ചയാകുമ്പോഴും കശ്മീരി ജനത അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എവിടെയും ചര്‍ച്ചയാവുന്നില്ല.

Tags:    

Similar News