കശ്മീരിന്റെ സുരക്ഷയും സൈനിക നടപടികളും; അമിത് ഷാ അവലോകനം ചെയ്തു
ഒക്ടോബറില്‍ മാത്രം താഴ്‌വരയില്‍ 11 സാധാരണക്കാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഷായുടെ കാശ്മീര്‍ സന്ദര്‍ശനം. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ്. രണ്ട് അധ്യാപകരുള്‍പ്പെടെ മൂന്ന് പേര്‍ കശ്മീരിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുമാണ്.
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളും വിഘടനവാദ വിരുദ്ധ നടപടികളും അവലോകനം ചെയ്തു.കശ്മീരില്‍ ജോലിചെയ്യുന്ന കശ്മീരികളല്ലാത്ത തൊഴിലാളികള്‍, ന്യൂനപക്ഷങ്ങള്‍, സാധാരണക്കാര്‍ എന്നിവര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളെ സംബന്ധിച്ചാണ് അമിത് ഷാ ചര്‍ച്ച നടത്തിയത്.ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉള്‍പ്പെടെയുള്ള ഉന്നത സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും കരസേന, സിആര്‍പിഎഫ്, പോലിസ്, മറ്റ് ഏജന്‍സികള്‍ എന്നിവയിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ഷാ സുരക്ഷാ സാഹചര്യം വിലയിരുത്തി. ജമ്മു കശ്മീരില്‍ നിന്ന് തീവ്രവാദം ഇല്ലാതാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും സൈന്യം നടത്തിയ നുഴഞ്ഞുകയറ്റ വിരുദ്ധ നടപടികളെക്കുറിച്ചും ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചെന്നു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഒക്ടോബറില്‍ മാത്രം താഴ്‌വരയില്‍ 11 സാധാരണക്കാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഷായുടെ കാശ്മീര്‍ സന്ദര്‍ശനം. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ്. രണ്ട് അധ്യാപകരുള്‍പ്പെടെ മൂന്ന് പേര്‍ കശ്മീരിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുമാണ്.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം ഷായുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്.ഷായുടെ സന്ദര്‍ശനത്തിനു മുന്നോടിയായി കാശ്മീരിലെങ്ങും സുരക്ഷ ശക്തമാക്കിയിരുന്നു. സന്ദര്‍ശനത്തിന്‍രെ ഭാഗമായി താഴ്‌വരയിലുടനീളം, പ്രത്യേകിച്ച് നഗരത്തില്‍ സുരക്ഷാ സേനയുടെ അധിക വിന്യാസം നടത്തിയിട്ടുണ്ടെന്ന് ഉേദ്യാഗസ്ഥര്‍ പറഞ്ഞു.അടുത്തിടെയുണ്ടായ സിവിലിയന്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍, 50 കമ്പനി അധിക അര്‍ദ്ധസൈനിക സേനയെ താഴ്‌വരയിലേക്ക് നിയോഗിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു
അര്‍ദ്ധസൈനിക വിഭാഗമായ സിആര്‍പിഎഫ് നിയന്ത്രിക്കുന്ന ബങ്കറുകള്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും താഴ്‌വരയുടെ മറ്റ് ഭാഗങ്ങളിലും എത്തിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. വിഘടനവാദത്തിനെതിരേ നടപടി കനപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടി.