ഇന്ധനവില വര്‍ധനയ്‌ക്കെതിരായ പ്രതിഷേധം അക്രമാസക്തമായി; കസാകിസ്താനില്‍ അടിയന്തരാവസ്ഥ

Update: 2022-01-05 05:19 GMT

നൂര്‍ സുല്‍ത്താന്‍: ഇന്ധനവില കുത്തനെ വര്‍ധിപ്പിച്ചതിനെതിരേ കസാകിസ്താനില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അക്രമാസക്തമാവുന്നു. സംഘര്‍ഷം നിയന്ത്രണാതീതമായതിനെത്തുടര്‍ന്ന് കസാകിസ്താന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോകയേവ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മധ്യേഷ്യയിലെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയിലും പ്രതിഷേധം അക്രമാസക്തമായ പടിഞ്ഞാറന്‍ മാംഗിസ്‌റ്റോ പ്രവിശ്യയിലുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ മുഴുരാത്രി കര്‍ഫ്യുവും ആള്‍ക്കൂട്ട നിരോധനവുമുണ്ടാവും.

പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയില്‍ വാഹനങ്ങള്‍ കത്തിച്ചതിനെത്തുടര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. മേയറുടെ ഓഫിസിലേക്ക് ഇരച്ചുകയറാനെത്തിയ നൂറുകണക്കിന് പ്രതിഷേധക്കാരെ തടയാനാണ് അല്‍മാട്ടിയിലെ പോലിസ് കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

രാത്രി 11 മണിയോടെയാണ് അടിയന്തരാവസ്ഥ നിലവില്‍ വന്നത്. രാഷ്ട്രപതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം രാവിലെ 7 മണി വരെ കര്‍ഫ്യൂ, യാത്രയ്ക്ക് നിയന്ത്രണങ്ങള്‍, ബഹുജന സമ്മേളനങ്ങള്‍ക്കുള്ള നിരോധനം എന്നിവയുണ്ടാവും. സര്‍ക്കാര്‍, സൈനിക ഓഫിസുകള്‍ ആക്രമിക്കാനുള്ള ആഹ്വാനങ്ങള്‍ തികച്ചും നിയമവിരുദ്ധമാണെന്ന് പ്രസിഡന്റ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ വീഴില്ല.

പക്ഷേ, സംഘര്‍ഷത്തേക്കാള്‍ പരസ്പര വിശ്വാസവും ചര്‍ച്ചകളുമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുവര്‍ഷത്തിന്റ തുടക്കത്തില്‍തന്നെ ഇന്ധന വില കുത്തനെ ഉയര്‍ത്തിയതിനെത്തുടര്‍ന്ന് അല്‍മാട്ടിയില്‍ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത വലിയ റാലികളാണ് നഗരത്തില്‍ നടന്നത്. അല്‍മാട്ടിയില്‍ പോലിസ് പ്രധാന സ്‌ക്വയറിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രദേശത്തുനിന്നുള്ള ഓണ്‍ലൈന്‍ വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. തെരുവുകളിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും മണിക്കൂറുകളോളം സംഘര്‍ഷം നീണ്ടുനിന്നിരുന്നു.

Tags:    

Similar News