പി ജെ ജോസഫിനെതിരേ റോഷി അഗസ്റ്റിന്‍; തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധം

പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനായും ജോസ് എബ്രഹാമിനെ സെക്രട്ടറിയായും നിയോഗിച്ചതായി കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതിനെതിരേയാണ് രൂക്ഷവിമര്‍ശനമുയര്‍ത്തി റോഷി അഗസ്റ്റിന്‍ എംഎല്‍എ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് നിയമസഭയിലെ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റോഷി അഗസ്റ്റിന്‍ ആരോപിച്ചു.

Update: 2019-05-29 09:16 GMT

തിരുവനന്തപുരം: കേരള കോണ്‍ഗ്രസി (എം) ലെ അധികാരത്തര്‍ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. ചെയര്‍മാനായ കെ എം മാണി അന്തരിച്ചതോടെ പാര്‍ട്ടി പിടിക്കാനുള്ള വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫിന്റെ നീക്കങ്ങള്‍ക്കെതിരേ ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ രംഗത്തെത്തി. പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനായും ജോസ് എബ്രഹാമിനെ സെക്രട്ടറിയായും നിയോഗിച്ചതായി കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതിനെതിരേയാണ് രൂക്ഷവിമര്‍ശനമുയര്‍ത്തി റോഷി അഗസ്റ്റിന്‍ എംഎല്‍എ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് നിയമസഭയിലെ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റോഷി അഗസ്റ്റിന്‍ ആരോപിച്ചു.

കത്ത് കൊടുത്തോ എന്ന് ജോസഫിനോട് ചോദിക്കും. പി ജെ ജോസഫ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. ജോസഫ് കത്ത് കൊടുത്തെങ്കില്‍ അത് ഗുരുതരമായ അച്ചടക്കലംഘനമാണ്. ചെയര്‍മാനെയും സെക്രട്ടറിയെയും നിയമിച്ചെന്ന് കാണിച്ച് ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച് സമവായമാവും മുമ്പ് അത്തരമൊരു തീരുമാനമെടുത്തെങ്കില്‍ അത് അംഗീകരിക്കാനാവില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്ത് സാധൂകരണമില്ലാത്തതാണ്. ഇത് തെറ്റിദ്ധാരണ പരത്തും. അങ്ങനെ കത്ത് നല്‍കാന്‍ ജോസഫിന് കഴിയില്ല. പാര്‍ട്ടിയില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നുതന്നെയാണ് ആഗ്രഹം. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കണം. ചെയര്‍മാന്റെ അധ്യക്ഷതയിലാണ് പാര്‍ലമെന്ററി പാര്‍ട്ടി ചേരേണ്ടത്.

സംസ്ഥാന കമ്മിറ്റിയില്‍ സമവായമുണ്ടായില്ലെങ്കില്‍ ഭൂരിപക്ഷ തീരുമാനപ്രകാരം തിരഞ്ഞെടുപ്പ് നടത്തുമെന്നും റോഷി വ്യക്തമാക്കി. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന് ജോസഫ് വിഭാഗം കത്ത് നല്‍കിയതോടെ ജോസ് കെ മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്തിയാലും നിയമപരമായി വിമതപക്ഷമായേ കണക്കാക്കാനാവൂ എന്ന നിലയിലായി. സെക്രട്ടറിയായ ജോയ് എബ്രഹാമിനെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാനായതാണ് പാര്‍ട്ടി പിടിച്ചെടുക്കാന്‍ ജോസഫിനെ സഹായിച്ചത്. സി എഫ് തോമസും മോന്‍സ് ജോസഫുമടക്കം മൂന്ന് എംഎല്‍എമാരുടെ പിന്തുണയും ജോസഫ് വിഭാഗം അവകാശപ്പെടുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന് ജോസഫ് ആവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിലും ലീഗിലുമൊന്നും സംസ്ഥാന കമ്മിറ്റി വോട്ടിനിട്ടല്ല ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതെന്നും ജോസഫ് പക്ഷം പറയുന്നു.

ജോസഫിന്റെ നടപടികളില്‍ കടുത്ത അമര്‍ഷമുണ്ടെങ്കിലും സാങ്കേതികമായി ഇതിനെ ചെറുക്കാനാവാത്ത അവസ്ഥയിലാണ് ജോസ് കെ മാണി വിഭാഗം. വിഭാഗീതയത തുടരുകയാണെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി വിട്ടുപോവാമെന്ന നിലപാട് ജോസഫ് പക്ഷം സ്വീകരിച്ചതായാണ് വിവരം. ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും മറുപക്ഷത്ത് നില്‍ക്കുന്നതിനാല്‍ പാര്‍ട്ടി വിടുന്നവര്‍ക്ക് കേരള കോണ്‍ഗ്രസ് (എം) അംഗത്വവും പാര്‍ട്ടി സ്വത്തുക്കളും നഷ്ടമാവും. കൂറുമാറ്റനിരോധന നിയമപ്രകാരമുള്ള നടപടികളും നേരിടേണ്ടിവരും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയെല്ലാം അടര്‍ത്തിമാറ്റി അപ്രതീക്ഷിത തിരിച്ചടി നല്‍കിയ ജോസഫിനെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ജോസ് കെ മാണി വിഭാഗം.  

Tags:    

Similar News