പി ജെ ജോസഫിനെ ചെയര്‍മാനാക്കിയ നടപടി അംഗീകരിക്കരുതെന്ന് സ്പീക്കര്‍ക്ക് കത്ത്
കോട്ടയം: രണ്ടില ചിഹ്നം അനുവദിക്കുന്നതു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ ഉത്തരവ് വരുന്നതുവരെ പി ജെ ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മോന്‍സ് ജോസഫിനെ പാര്‍ട്ടി വിപ്പുമായി തിരഞ്ഞടുത്ത ഏകപക്ഷീയമായ നടപടി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഡോ. എന്‍ ജയരാജ് എംഎല്‍എ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.പി ജെ ജോസഫ് വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചട്ടങ്ങളുടെ പൂര്‍ണമായ ലംഘനവും നിയമവിരുദ്ധവുമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചെയര്‍മാന്റെ താല്‍ക്കാലിക ഒഴിവില്‍ മാത്രമാണ് വര്‍ക്കിങ് ചെയര്‍മാന് ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയുകയുള്ളുവെന്ന് കട്ടപ്പന സബ് കോടതിയുടെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ളത് ചെയര്‍മാന്റെ സ്ഥിരം ഒഴിവാണ്. സ്ഥിരം ഒഴിവുള്ളപ്പോള്‍ വര്‍ക്കിങ് ചെയര്‍മാന് ചെയര്‍മാന്റെ ചുമതലകള്‍ നിറവേറ്റാനാവില്ല. രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യത്തില്‍ തിരഞ്ഞടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെ തദ്സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ നിയമസഭാ സ്പീക്കര്‍ക്ക് ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് നല്‍കിയ കത്തിലെ ആവശ്യംനിരാകരിക്കപ്പെട്ടിരിക്കുകയാണ്. പ്രസ്തുത കത്തിന് വിരുദ്ധമായി പി ജെ ജോസഫ് സ്വയം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി അദ്ദേഹം സ്വയം അവരോധിതനായിരിക്കുകയാണ്.
കെ എം മാണിയുടെ വിയോഗത്താല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ ഒഴിവ് നിലവിലുണ്ട്. വിപ്പിന്റെ ഒഴിവില്ല. പാര്‍ട്ടി വിപ്പിനെ തിരഞ്ഞടുക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. റോഷി അഗസ്റ്റിന്‍ എംഎല്‍എയെ കേരള കോണ്‍ഗ്രസ് എം നിയമസഭാ വിപ്പായി തിരഞ്ഞടുത്തത് ചെയര്‍മാനായിരുന്ന കെ എം മാണിയാണ്. റോഷി അഗസ്റ്റിനെ വിപ്പ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 19 ന് പി ജെ ജോസഫ് ഇറക്കിയ നോട്ടീസിലും വിപ്പിനെ തിരഞ്ഞടുക്കുന്ന കാര്യം പറഞ്ഞിട്ടില്ല. ജോസ് കെ മാണി എംപിയുമായി റോഷി അഗസ്റ്റിന്‍ എംഎല്‍എയ്ക്കുള്ള ബന്ധത്തിലുള്ള അസഹിഷ്ണുത ഒന്നു കൊണ്ട് മാത്രമാണ് റോഷി അഗസ്റ്റിനെതിരേ പി ജെ ജോസഫ് ശുത്രുതാപരമായ മനോഭാവം പിന്തുടരുന്നത്.
പി ജെ ജോസഫ് വിളിച്ച യോഗം 1968ലെ തിരഞ്ഞടുപ്പ് ചിഹ്നങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവിന് വിരുദ്ധമാണ്. ഈ സാഹചര്യത്തില്‍ ജോസഫിന്റെ തീരുമാനം നിയമസഭ അംഗീകരിക്കരുതെന്നും എന്‍ ജയരാജ് കത്തില്‍ ആവശ്യപ്പെട്ടു.