സ്വയം പ്രഖ്യാപിതമല്ല ഒരു പദവിയും; പി ജെ ജോസഫിനെതിരേ കേരള കോണ്‍ഗ്രസില്‍ പടയൊരുക്കം
ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായതോടെ പാര്‍ട്ടി വീണ്ടുമൊരു പിളര്‍പ്പിലേക്ക് പോവാനുള്ള സാധ്യതയേറുകയാണ്. ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് പി ജെ ജോസഫ് പരസ്യമായി പ്രഖ്യാപിച്ചതാണ് പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖത്തിന് വഴിതുറന്നത്.
കോട്ടയം: കെ എം മാണി അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന ചെയര്‍മാന്‍ പദവിയെച്ചൊല്ലി കേരള കോണ്‍ഗ്രസി (എം)ല്‍ തര്‍ക്കം മൂര്‍ച്ഛിക്കുന്നു. ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായതോടെ പാര്‍ട്ടി വീണ്ടുമൊരു പിളര്‍പ്പിലേക്ക് പോവാനുള്ള സാധ്യതയേറുകയാണ്. ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് പി ജെ ജോസഫ് പരസ്യമായി പ്രഖ്യാപിച്ചതാണ് പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖത്തിന് വഴിതുറന്നത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്നും ജോസ് കെ മാണി വര്‍ക്കിങ് ചെയര്‍മാനും സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമാവുന്ന ഫോര്‍മുലയാണ് പരിഗണനയിലെന്നുമാണ് ജോസഫ് പറയുന്നത്.
മാണി അന്തരിച്ചതിനെത്തുടര്‍ന്ന് വര്‍ക്കിങ് ചെയര്‍മാനായ പി ജെ ജോസഫിനെയാണ് താല്‍ക്കാലിക ചെയര്‍മാനായി നിയോഗിച്ചിരിക്കുന്നത്. എന്നാല്‍, കെ എം മാണി കൈവശംവച്ചിരുന്ന പാര്‍ട്ടി ചെയര്‍മാന്‍, നിയമസഭാ കക്ഷി നേതാവ് സ്ഥാനങ്ങള്‍ ഒരുകാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന ജോസഫിന്റെ പ്രസ്താവനയ്‌ക്കെതിരേ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ഡോ.എന്‍ ജയരാജ് എംഎല്‍എ രംഗത്തെത്തി.
സംസ്ഥാന കമ്മിറ്റി ചേരില്ലെന്ന പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ പാര്‍ട്ടി ഭരണഘടനയുടെയും ജനാധിപത്യ അവകാശങ്ങളുടെയും ലംഘനമാണെന്ന് എന്‍ ജയരാജ് കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ സ്വയം പ്രഖ്യാപിതമല്ല ഒരു പദവിയും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കേണ്ടത് പാര്‍ട്ടി അംഗങ്ങളുടെ യോഗം ചേര്‍ന്ന് വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെയാണ്. സമവായമെന്ന് നടിക്കുകയും പാര്‍ട്ടിയില്‍ വിഭാഗീയതയുടെ പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രസ്താവനകളുണ്ടാക്കുകയും ചെയ്യുന്നത് ഒരു നേതാവിനും ചേര്‍ന്ന നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് സമവായമുണ്ടായില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിച്ച് തിരഞ്ഞെടുപ്പ് നടത്തുമെന്ന് ജോസ് കെ മാണിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ പാര്‍ട്ടി പിളരും.
ലോകസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെയാണ് പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ ജോസഫ് ഗ്രൂപ്പ് നീക്കങ്ങള്‍ ശക്തമാക്കിയത്. കേരള കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിന് മാണി വിഭാഗം പുതിയ ഫോര്‍മുല മുന്നോട്ടുവച്ചിരുന്നു. നിലവില്‍ വൈസ് ചെയര്‍മാനായ ജോസ് കെ മാണിയെ ചെയര്‍മാനാക്കിയാല്‍ പകരം നിയമസഭാ കക്ഷി നേതൃസ്ഥാനം കൈമാറാമെന്നാണ് പി ജെ ജോസഫിന് മുന്നില്‍വച്ച വാഗ്ദാനം. എന്നാല്‍, ഇത് തള്ളിക്കളഞ്ഞ ജോസഫ് ഗ്രൂപ്പ് ചെയര്‍മാന്‍ പദവിയില്‍ പിടിമുറുക്കിയതോടെയാണ് കേരള കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറികള്‍ക്കിടയാക്കിയിരിക്കുന്നത്.